ശബരിമല വീണ്ടും തിരഞ്ഞെടുപ്പ് വിഷയം: ദേവസ്വം മുന്‍ അധ്യക്ഷന്മാര്‍ അറസ്റ്റ് ഭീഷണിയില്‍, സിപിഐഎമ്മിന് ആശങ്ക

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷനും സിപിഐഎം നേതാവുമായ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്‌തേക്കുമെന്ന വാര്‍ത്ത സിപിഐഎമ്മിന് വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരു ഉന്നതന്‍കൂടി അറസ്റ്റു ചെയ്യപ്പെടുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങുമോ എന്നാണ് സിപിഐഎം ഭയക്കുന്നത്. തെക്കന്‍ ജില്ലകളില്‍ വന്‍ മുന്നേറ്റം പ്രതീക്ഷിക്കുന്ന ഇടത് മുന്നണിക്ക് ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തിരിച്ചടിയാകുമെന്നാണ് ആശങ്ക.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എസ്‌ഐടി നോട്ടീസ് നല്‍കിയെങ്കിലും എ പത്മകുമാര്‍ ഇതുവരെ അന്വേഷണ സംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല. തുടര്‍ച്ചയായി ഹാജരാവാതെ വന്ന സാഹചര്യത്തില്‍ പത്മകുമാറിനെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്യുന്നതിനുള്ള നീക്കമാണ് അന്വേഷണ സംഘം നടത്തുന്നത്. മുന്‍ അധ്യക്ഷനായ എന്‍ വാസു അറസ്റ്റു ചെയ്യപ്പെട്ടത് സിപിഐഎമ്മിന് കടുത്ത തലവേദനയായി മാറിയതിന് തൊട്ടുപിന്നാലേയാണ് പത്മകുമാറും കരുക്കിലായിരിക്കുന്നത്. പത്തനംതിട്ട മുന്‍ എംഎല്‍എയും സിപിഐഎം നേതാവുമായ പത്മകുമാര്‍ അറസ്റ്റു ചെയ്യപ്പെടുന്നത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണ് ഉണ്ടാക്കുക. ഇതിനിടയില്‍ ശബരിമലയിലെ സ്വര്‍ണക്കൊള്ള അന്വേഷിക്കാന്‍ ഇ ഡിയെത്താനുള്ള സാധ്യതയും തെളിയുന്നുണ്ട്.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ ഇടപെടലുണ്ടാകുമെന്ന വാര്‍ത്തകള്‍ എല്‍ഡിഎഫിനെ ആശങ്കപ്പെടുത്തുന്നതാണ്. ഉണ്ണികൃഷ്ണന്‍ പോറ്റി, മുരാരി ബാബു തുടങ്ങിയവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെ കേസന്വേഷണം അവാസനഘട്ടത്തിലേക്ക് നീങ്ങുന്നുവെന്നായിരുന്നു സിപിഐഎം കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ അന്വേഷണം കൂടുതല്‍ പ്രമുഖരിലേക്ക് നീങ്ങുന്നത് പാര്‍ട്ടി കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

കഴിഞ്ഞ തവണ തദ്ദേശ തിരഞ്ഞെടുപ്പുകാലത്താണ് ശബരിമല യുവതി പ്രവേശന വിവാദം ആളിക്കത്തിയത്. പന്തളം നഗരസഭാ ഭരണം ബിജെപി പിടിച്ചതടക്കം കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി വന്‍ മുന്നേറ്റമുണ്ടാക്കാന്‍ ശബരിമല വിഷയം വഴിതുറന്നിരുന്നു. അഞ്ച് വര്‍ഷത്തിന് ശേഷം വീണ്ടുമൊരു തിരഞ്ഞെടുപ്പുകാലമായപ്പോഴേക്കും വിവാദങ്ങള്‍ മാറിയിരിക്കുന്നു. ആചാര ലംഘനം എന്നതില്‍ നിന്നും മാറി, സ്വര്‍ണമോഷണ വിവാദം ദേവസ്വം ബോര്‍ഡിനേയും സംസ്ഥാന സര്‍ക്കാരിനേയും കടുത്ത പ്രതിരോധത്തിലേക്ക് തള്ളിവിട്ടു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് എ പത്മകുമാര്‍. മുന്‍ അധ്യക്ഷനായിരുന്ന എന്‍ വാസുവിനെ കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റു ചെയ്തിരുന്നു. സ്വര്‍ണക്കൊള്ള കണ്ടെത്തിയ ആദ്യ നാളുകളില്‍ തന്നെ എ പത്മകുമാര്‍ സംശയനിഴലിലായിരുന്നുവെങ്കിലും പത്മകുമാറിലേക്ക് അന്വേഷണ സംഘം എത്തിയത് ഈ അടുത്ത ദിവസങ്ങളിലായിരുന്നു. സ്വര്‍ണപാളിയെ ചെമ്പെന്ന് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് എന്‍ വാസു അറസ്റ്റിലായത്. പത്മകുമാര്‍ ദേവസ്വം അധ്യക്ഷനെന്ന നിലയില്‍ സ്വത്തുസമ്പാദിച്ചെന്നും, സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയതിന് പിന്നില്‍ വന്‍ തിരിമറി നടന്നതായും അന്വേഷണ സംഘത്തിന് തെളിവുലഭിച്ചതോടെ പത്മകുമാര്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഏറെകുറെ ഉറപ്പായി. സ്ഥാനമൊഴിഞ്ഞ ദേവസ്വം പ്രസിഡന്റ് പ്രസിഡന്റ് പ്രശാന്തും അറസ്റ്റുചെയ്യപ്പെടുമെന്ന ആശങ്കയിലാണ് സിപിഐഎം.

എന്‍ വാസു അറസ്റ്റു ചെയ്യപ്പെട്ടപ്പോള്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഐഎമ്മിന് മുന്നില്‍ വഴികളുണ്ടായിരുന്നില്ല. ഇതിന് തൊട്ടുപിന്നാലെ പത്മകുമാറിനെതിരേയുള്ള നീക്കം അന്വേഷണ സംഘം കടുപ്പിച്ചു.

ശബരിമല യുവതി പ്രവേശന വിവാദം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റിന്റെ ചുമതല വഹിച്ചിരുന്നത് എ പത്മകുമാറായിരുന്നു. സര്‍ക്കാര്‍ നയത്തിന് എതിരായിരുന്നു പത്മകുമാറെങ്കിലും സിപിഐഎമ്മിന്റെ നിലപാടുകള്‍ അംഗീകരിക്കുകയായിരുന്നു പാര്‍ട്ടി നേതൃത്വം. മുന്‍ എംഎല്‍എ കൂടിയായ എ പത്മകുമാര്‍ ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്യപ്പെട്ടാല്‍ അത് സിപിഐഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കും.

ശബരിമലയുമായി ബന്ധപ്പെട്ട് ആചാരലംഘനത്തിന് കൂട്ടുനിന്നെന്ന ആരോപണത്തില്‍ നിന്നും മുക്തി നേടാനായി കഴിഞ്ഞ മാസം സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ആഗോള അയ്യപ്പസംഗമം സംഘടിപ്പിച്ചിരുന്നു. എസ്എന്‍ഡിപി, എന്‍എസ്എസ് തുടങ്ങിയ സാമുദായ സംഘടനാ നേതാക്കളേയും സര്‍ക്കാരുമായി അകന്നു നിന്നിരുന്ന മറ്റു ശക്തികളേയും ഒരുമിച്ച് നിര്‍ത്താനും, അതുവഴി ഇടത് സര്‍ക്കാരിന് തുടര്‍ഭരണം ഉറപ്പിക്കാനും നടത്തിയ നീക്കങ്ങള്‍ അനുകൂലമാവുകയും ചെയ്തതോടെ വലിയ ആത്മവിശ്വാസത്തിലായിരുന്നു നേതൃത്വം. ഇതിനിടയിലാണ് സിപിഐഎമ്മിനേയും സര്‍ക്കാരിനേയും പിടിച്ചുകുലുക്കിയ സ്വര്‍ണപാളി മോഷണ വിവാദത്തിന് തിരികൊളുത്തിയത്.

എന്‍ വാസു സിപിഐഎം ഉന്നതരുമായി ഏറെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുന്‍ ദേവസ്വം ഉദ്യോഗസ്ഥനായിരുന്നു. ദേവസ്വം ബോര്‍ഡില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് സിപിഐഎം സംസ്ഥാന കമ്മിറ്റി പ്രത്യേക താല്‍പര്യമെടുത്ത് വാസുവിനെ തിരുവിതാംകൂര്‍ ദേവസ്വം അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*