
എറണാകുളം: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്‌തുള്ള ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി. ബുധനാഴ്‌ച (സെപ്‌റ്റംബര്‍ 10) മറുപടി നല്‍കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നൽകി. ഹൈന്ദവീയം ഫൗണ്ടേഷന്‍ ട്രസ്‌റ്റ് നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസുമാരായ വി.രാജാ വിജയരാഘവന്‍, കെവി ജയകുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ദേവസ്വം ബെഞ്ചിൻ്റെ നടപടി.
1300 കോടി രൂപയുടെ ശബരിമല മാസ്‌റ്റർ പ്ലാനിന് വേണ്ടി നിക്ഷേപം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഭക്തരായ സ്‌പോണ്‍സര്‍മാരില്‍ നിന്ന് പണം കണ്ടെത്തി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നുമായിരുന്നു ദേവസ്വത്തിൻ്റെ നിലപാട്.
ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. അയ്യപ്പ സംഗമത്തിന് 3000 പ്രതിനിധികളെ പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഹര്‍ജിക്കാരന്‍ അനാവശ്യ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകൻ്റെ വാദം. അതേസമയം മതേതര സര്‍ക്കാര്‍ അയ്യപ്പ സംഗമം നടത്തുന്നത് ശരിയല്ലെന്നും ദേവസ്വം ബോര്‍ഡ് സര്‍ക്കാരിൻ്റെ മറ മാത്രമാണെന്നും ഹര്‍ജിക്കാരന്‍ വാദമുയർത്തി.
സർക്കാരിൻ്റെ രാഷ്ട്രീയ പ്രവർത്തനത്തിൻ്റെ ഭാഗമാണ് അയ്യപ്പ സംഗമം. ശബരിമലയുടെ വരുമാനം ഉപയോഗിച്ച് മറ്റ് ക്ഷേത്രങ്ങൾ പരിപാലിക്കാൻ വേണ്ടിയാണ് വരുമാന വർധനവ് സർക്കാർ ലക്ഷ്യമിടുന്നതെന്നും ഹർജിക്കാരൻ വാദമുന്നയിച്ചു. ഈ ഹർജി ഹൈക്കോടതി ബുധനാഴ്‌ച (ഓഗസ്‌റ്റ് 10) വീണ്ടും പരിഗണിക്കും. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിൽ നിന്നും സർക്കാരിനെ തടയണം, പണം ചെലവഴിക്കരുതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിർദേശം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർജികൾ.
ആഗോള അയ്യപ്പ സംഗമം സെപ്റ്റംബർ 20ന്: സെപ്റ്റംബർ 20ന് പമ്പാ തീരത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുമെന്നാണ് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ അറിയിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നായി 3000 പ്രതിനിധികൾ ഇതിൽ പങ്കെടുക്കും. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം നടത്തുന്നത്.
ആഗോള അയ്യപ്പ സംഗമത്തിൻ്റെ ലക്ഷ്യങ്ങള്‍
സംഗമം പ്രധാനമായും മൂന്ന് വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ശബരിമലയുടെ വികസനം: അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും വേണ്ട നിർദേശങ്ങൾ ചർച്ച ചെയ്യും.
ആചാരങ്ങളുടെ സംരക്ഷണം: ശബരിമലയിലെ പരമ്പരാഗത ആചാരങ്ങളെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും വേണ്ട നടപടികൾ ആലോചിക്കും.
തീർഥാടകരുടെ സൗകര്യങ്ങൾ: ഭക്തർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ തീർഥാടനം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കും.
Be the first to comment