ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണമോഷണത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ എല്ലാ അക്കൗണ്ടുകളും പരിശോധിക്കണമെന്ന് രമേശ്‌ചെന്നിത്തല.ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ കൊടുത്ത വസ്തുതകളെല്ലാം പ്രതിപക്ഷം നേരത്തെ പറഞ്ഞകാര്യങ്ങളാണ്. ഹൈക്കോടതി ബെഞ്ചിന്റെ അനുവാദം തേടാതെയാണ് വാതിൽപ്പടികളും ദ്വാരപാലക ശിൽപങ്ങളും ഇളക്കിക്കൊണ്ട് പോയത്. അത് ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ അത് നടക്കില്ലെന്നും ഇതിന് പിന്നിൽ വൻ സ്രാവുകൾ ഉണ്ട്,അവരെ എന്തുകൊണ്ടാണ് പിടിക്കാത്തതെന്നും രമേശ്‌ചെന്നിത്തല വ്യക്തമാക്കി.
സർക്കാർ കുറ്റക്കാരെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ് ചെയ്യുന്നത്. ശബരിമലയിൽ സ്വർണ മോഷണം നടത്തിയത് ദേവസ്വം മന്ത്രിയും പ്രസിഡന്റ്റും അറിഞ്ഞുകൊണ്ടാണ്. ഇക്കാര്യത്തിൽ ശരിയായ അന്വേഷണമാണ് നടത്തേണ്ടത് ഓരോ ദിവസവും പുതിയ പുതിയ കാര്യങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതി ഇപ്പോൾ എടുത്തിരിക്കുന്ന നിലപാട് സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ശബരിമല ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളിയിലെ സ്വര്‍ണ്ണം ഉരുക്കിയെന്നതാണ് ഏറ്റവും വിജിലൻസിന്റെ ഏറ്റവും പുതിയ കണ്ടെത്തൽ. ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കലെന്നും ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ പറയുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത്.
വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്. മാധ്യമങ്ങളെ കാണാന്‍ താത്പര്യം ഇല്ലെന്ന് സ്മാര്‍ട്ട് ക്രീയേഷന്‍സ് വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി.



Be the first to comment