ശബരിമല സ്വർണക്കൊള്ള; മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ളയിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി പ്രത്യേക അന്വേഷണസംഘം. കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തേക്കും. ഹൈദരാബാദിലേക്ക് നേരിട്ടെത്തി അന്വേഷണത്തിനാണ് കൂടുതൽ സാധ്യത.

ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയിൽ നിന്നും ബാംഗ്ലൂർ എത്തിച്ച സ്വർണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസ് സിഇഒയുടെ ഉടമസ്ഥതയിൽ എന്ന് സംശയിക്കുന്ന ഹൈദരാബാദിലെ സ്ഥാപനത്തിലും അന്വേഷണം നടത്തും. സ്മാർട്ട് ക്രിയേഷൻസിൽ നിലവിൽ നടത്തിയ പരിശോധനയിൽ ഫയലുകൾ കണ്ടെത്താൻ ആയിട്ടില്ല. സ്മാർട്ട് ക്രിയേഷൻസിന്റെ ഇടപാടുകളിലെ ദുരൂഹത സംശയിക്കുന്ന അന്വേഷണസംഘം തുടർ അന്വേഷണത്തിൽ സ്ഥാപന അധികാരികളെയും പ്രതിചേർത്തേക്കും.

ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്.കൂടുതൽ പേർക്കെതിരായ നടപടികൾ കൈക്കോളുമെന്ന് ദേവസ്വം പ്രസിഡന്റ്റ് പി എസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം, ശബരിമലയിലെ യോഗ ദണ്ഡ് സ്വർണം കെട്ടിച്ചതും പ്രത്യേക സംഘം അന്വേഷിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പദ്മകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. ദേവസ്വം ബോർഡ് പ്രസിഡന്റ് പദവി കുടുംബത്തിനായി ഉപയോഗിച്ചുവെന്നും നിഗമനമുണ്ട്. എ പദ്മകുമാറിന്റെ മകനാണ് യോഗദണ്ഡ് സ്വർണം കെട്ടിച്ചത്. ദേവസ്വം വിജിലൻസും സംഭവം പ്രത്യേകമായി അന്വേഷിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*