തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളുടെ സ്വര്‍ണപ്പാളികളുടെ നവീകരണത്തില്‍ നിലവിലെ നടപടി ക്രമങ്ങളില്‍ വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആവര്‍ത്തിച്ച് തിരുവിതാം കൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് സ്വര്‍ണപ്പാളികള്‍ കൊണ്ടുപോയതില്‍ വീഴ്ച പറ്റിയിട്ടില്ല. ഇതിന് ഇപ്പോള്‍ വിവാദത്തിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സേവനം തേടിയതിന് കാരണം ഇതിന്റെ നാല്‍പത് വര്‍ഷത്തെ വാറന്റി അദ്ദേഹത്തിന്റെ പേരില്‍ ആയത് കാരണമാണ്.
സ്വര്‍ണപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടിട്ടില്ല. പൊലീസ് അകമ്പടിയില്‍ സുരക്ഷിതമായാണ് ചെന്നൈയില്‍ എത്തിച്ച്. 14 പാളികളായി 38 കിലോ വരുന്ന ദ്വാരപാലക ശില്‍പങ്ങളില്‍ 397 ഗ്രാം സ്വര്‍ണമാണുള്ളത്. അറ്റകുറ്റപണികള്‍ക്കായി കൊണ്ട് പോയത് 22 കിലോ ഗ്രാം വരുന്ന 12 പാളികള്‍ ആണ്. ഇതില്‍ 281 ഗ്രാം സ്വര്‍ണമുണ്ട്. നവീകരണത്തിന് വേണ്ടി വന്നത് 10 ഗ്രാം സ്വര്‍ണമാണ്. ഇതോടെ ആകെ സ്വര്‍ണം 291 ഗ്രാമായി മാറി. 14 പാളികളിലായി 407 ഗ്രാം സ്വര്‍ണമാണ് ഇപ്പോള്‍ പാളികളിലുള്ളത് എന്നും പിഎസ് പ്രശാന്ത് പ്രതികരിച്ചു. നിര്‍ഭാഗ്യവശാല്‍ സ്‌പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പേരിലാണ് വാറന്റി എന്നതിനാലാണ് സഹായം തേടിയത്. ഇപ്പോഴാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അവതാരം തിരിച്ചറിയുന്നത് എന്നും പിഎസ് പ്രശാന്ത് പറയുന്നു.
സ്വര്‍ണപ്പാളികള്‍ കൈകാര്യം ചെയ്തതില്‍ ഇപ്പോള്‍ വീഴ്ച ഉണ്ടായിട്ടില്ല. 2019 ലെ കാര്യം അറിയില്ല. അന്ന് താനായിരുന്നില്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്റ. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ 1999 മുതല്‍ അന്വേഷണം വേണം. സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നു. ദേവസ്വം മന്ത്രിയുടെയും തന്റെയും ഇപ്പോഴത്തെ ബോര്‍ഡിന്റെയും കൈകള്‍ ശുദ്ധമാണെന്നും പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷം ഉന്നയിക്കുന്നത് തെറ്റായ കാര്യങ്ങളാണ്. ഇതൊരു സുവര്‍ണാവസരമാക്കി മാറ്റാനാണ് അവരുടെ നീക്കം. പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടാല്‍ ഇതുവരെ ദേവസ്വം യുഡിഎഫ് ഭരിക്കാത്തത് പോലെയാണ് തോന്നുക. വിജിലന്‍സിനെ പേടിച്ച് ഇറങ്ങിയോടിയ ബോര്‍ഡ് അംഗങ്ങളുടെവരെ ചരിത്രമുണ്ടെന്നും പി എസ് പ്രശാന്ത് പറഞ്ഞു.



Be the first to comment