ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചതിന് പിന്നില്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്‌ഐആര്‍ വിവരങ്ങളെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. തട്ടിപ്പില്‍ ഒന്നാം പ്രതിയായ ഇതേ ഉണ്ണികൃഷ്ണന്‍ പോറ്റിയെയാണ് 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തുവിട്ടത്. ശബരിമലയിലെ ദ്വാരപാല ശില്‍പങ്ങള്‍ മോഷ്ടിച്ച് വിറ്റെന്ന് തെളിയുകയും സര്‍ക്കാരും സിപിഎം നേതാക്കളും സംശനിഴലിലാകുകയും ചെയ്ത സാഹചര്യത്തില്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനും ദേവസ്വം വകുപ്പിനും കഴിയില്ല. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണം. വീണ്ടും തട്ടിപ്പിന് നടത്താന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
നിലവില്‍ കട്ടിളപ്പടിയിലെ സ്വര്‍ണപാളികള്‍ കടത്തിയ കേസിലാണ് സിപി.എം നേതാവും 2019-ല്‍ ദേവസ്വം പ്രസിഡന്റുമായ എ. പത്മകുമാറിനെയും ബോര്‍ഡ് അംഗങ്ങളെയും പ്രതി ചേര്‍ത്തിരിക്കുന്നത്. ദ്വാരപാലക ശില്‍പങ്ങള്‍ കോടീശ്വരന് വിറ്റ കേസിലും ഇവര്‍ സ്വാഭാവികമായും പ്രതികളാകേണ്ടവരാണ്. എന്തുകൊണ്ടാണ് ആ കേസില്‍ നിന്നും ഇവരെ ഒഴിവാക്കിയതെന്നും വ്യക്തമല്ല. സ്വര്‍ണക്കൊള്ളയില്‍ 2019 -ലെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. സ്വര്‍ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോര്‍ഡ് കണ്ടെത്തിയ ഉണ്ണികൃഷ്ണന്‍ പോറ്റിയെ 2025-ല്‍ വീണ്ടും വിളിച്ചു വരുത്തി സ്വര്‍ണപാളി കൊടുത്തു വിട്ടതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണം. 2019-ലെ ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കിയതു പോലെ നിവവിലെ ബോര്‍ഡിനെയും പ്രതികളാക്കി കേസെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ശബരിമല സ്വര്‍ണമോഷണക്കേസില്‍ മൂന്നു ദേവസ്വം മന്ത്രിമാരുടെപങ്ക് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷക്കാലം ദേവസ്വം ഭരിച്ച മൂന്നു മന്ത്രിമാരുടെയും പങ്ക് തട്ടിപ്പില്‍ അന്വേഷണ വിധേയമാക്കണം. ദേവസ്വം മന്ത്രിമാര്‍ അറിയാതെ ദേവസ്വം ബോര്‍ഡില്‍ ഇലയനങ്ങില്ല. നിലവിലെ ദേവസ്വം ബോര്‍ഡിനെ കൂടി പ്രതി പട്ടികയില്‍ ചേര്‍ക്കണം. കഴിഞ്ഞ പത്തു വര്‍ഷമായി കേരളത്തിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന ആസൂത്രിത ഉന്നത തല മോഷണങ്ങളുടെ ഗൂഢാലോചനകളില്‍ ദേവസ്വം മന്ത്രിമാരുടെ പങ്ക് വിശദമായ അന്വേഷണത്തിന് വിധേയമാക്കണം. രണ്ട് ദേവസ്വം ബോര്‍ഡുകളിലെയും പ്രസിഡന്റുമാരും അംഗങ്ങളും ഉള്‍പ്പെട്ട സംഘം ഇത്തരം ആസൂത്രിതമായ എല്ലാ കൊള്ളകള്‍ക്കും പിന്നില്‍ കാര്യമായ പങ്കു വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Be the first to comment