ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം ബെംഗളൂരുവിലേക്ക്. സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയെയും സുഹൃത്തുക്കളെയും വ്യവസായികളായ രണ്ടുപേരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം. 2019 ൽ കൊണ്ടുപോയ സ്വർണ്ണപ്പാളി ബെംഗളൂരൂവിലെ
ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി. സ്വർണ്ണപ്പാളി തിരികെയെത്തിക്കാൻ 40 ദിവസം വൈകിയതിൽ ദുരൂഹതയുണ്ടെന്നും ദേവസ്വം വിജിലൻസ് വ്യക്തമാക്കുന്നു.
അതേസമയം ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള 2019ലെ ദേവസ്വം ബോർഡ് ഉത്തരവ് ട്വന്റിഫോറിന്. ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ്പാളികൾ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശാനാണ് ഉത്തരവ്. 1999ൽ ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ സ്വർണം പൂശിയിരുന്നു. എന്നാൽ 2019ലെ ഉത്തരവിൽ ഇത് ചെമ്പ് പാളികളെന്നാണ് പറയുന്നത്.
ചെമ്പ് പാളിയിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയെന്നാണ് ഉത്തരവിൽ പറയുന്നത്. 05/07/2019ലാണ് ഉത്തരവിറക്കിയത്. ദ്വാരപാലക ശില്പങ്ങളുടെ സ്വർണപാളികൾക്ക് അറ്റകുറ്റ പണി നടത്താൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഒരു അപേക്ഷ ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റി ബാംഗ്ലൂർ എന്ന് ഭക്തൻ അപേക്ഷ സമർപ്പിച്ചുവെന്നാണ് ഉത്തരവിൽ പറയുന്നത്. തന്ത്രിയുടെ കൂടി അഭിപ്രായം പരിഗണിച്ച് അറ്റകുറ്റ പണിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്. അതേസമയം ചെമ്പ് പാളിയെന്നാണ് ആവർത്തിച്ച് പറയുന്നത്.
1999ൽ സ്വർണം പൂശിയെന്ന് പറയുന്ന ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ എങ്ങനെ ചെമ്പ് പാളിയായി എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. അതേസമയം ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതിക്കൂട്ടിൽ നിർത്തി തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ വിശദമായ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും ഒരുങ്ങുകയാണ് ദേവസ്വം വിജിലൻസ്.
സ്പോൺസറുടെ ഇടപാടുകൾ പൂർണമായി പരിശോധിക്കും. മുൻകാല പശ്ചാത്തലവും അന്വേഷണ പരിധിയിൽ വരും. ശബരിമലയുടെ പേരിൽ തട്ടിപ്പ് നടത്തി സാമ്പത്തിക ലാഭം ഉണ്ടാക്കിയോ എന്നന്വേഷിക്കും. പിന്നീട് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യും. ഹൈക്കോടതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് വ്യക്തമാക്കിയിരുന്നു.



Be the first to comment