എറണാകുളം: ശബരിമലയിലെ സ്വർണപ്പാളികളിൽ രണ്ടാമത് ശാസ്ത്രീയ പരിശോധന നടത്താൻ എസ്.ഐ.ടിക്ക് ഹൈക്കോടതി അനുമതി നൽകി. കൊടിമരം മാറ്റിസ്ഥാപിച്ചതിൽ വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കൊടിമരം മാറ്റിസ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രണ്ടരക്കിലോയോളം സ്വർണം സംബന്ധിച്ച വിവരങ്ങൾ മഹസർ രേഖകളിലില്ല. കൊടിമര നിർമ്മാണത്തിൽ സംസ്ഥാന വിജിലൻസ് ത്വരിത പരിശോധന നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
ശബരിമലയിലെ സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താനാണ് എസ്.ഐ.ടിക്ക് ഹൈക്കോടതി അനുമതി നൽകിയത്. മുംബൈയിലെ ഭാഭാ അറ്റോമിക് എനർജി റിസർച്ച് സെന്‍ററിലേക്ക് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനാണ് തീരുമാനം.
വി.എസ്.എസ്.സിയിൽ (VSSC) നിന്നും ലഭിച്ച പരിശോധനാഫലത്തിൽ ചില അവ്യക്തതകൾ ഉള്ളതിനാലാണ് പാളികളുടെ സാമ്പിളുകൾ വീണ്ടുമെടുത്ത് പരിശോധിക്കുന്നത്. കൊടിമരം മാറ്റിസ്ഥാപിച്ചതിൽ വിശദമായ അന്വേഷണം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊടിമര നിർമ്മാണത്തിനായി 27 പേർ സ്വർണം നൽകിയിരുന്നു.
എന്നാൽ ഈ രണ്ടരക്കിലോയോളം സ്വർണം കൈമാറിയ വിവരം മഹസർ രേഖകളിലില്ല. ഇക്കാര്യത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. കൊടിമര നിർമ്മാണത്തിൽ സംസ്ഥാന വിജിലൻസ് വിഭാഗം ത്വരിത പരിശോധന നടത്തണം. ദേവസ്വം വിജിലൻസ് ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. വി.എസ്.എസ്.സിയിലെ ശാസ്ത്രജ്ഞരുടെ മൊഴികൾ എസ്.ഐ.ടി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം 256 സാക്ഷിമൊഴികൾ ശേഖരിച്ചതായാണ് എസ്.ഐ.ടി കോടതിയെ അറിയിച്ചത്.
കൊടിമരം മാറ്റിസ്ഥാപിച്ചതിൽ വിശദമായ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചതോടെ യുഡിഎഫ് ഭരണസമിതിയുടെ കാലത്തെ ഇടപാടുകളിലേക്കും അന്വേഷണം നീളുമെന്ന് ഉറപ്പാണ്. ഇതോടെ, വിഷയത്തില്‍ യുഡിഎഫിനെ പ്രതിക്കൂട്ടിലാക്കിയുള്ള രാഷ്ട്രീയ ആക്രമണത്തിന് എല്‍ഡിഎഫിന് അവസരം ലഭിക്കും.
നേരത്തേ, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശ് നിൽക്കുന്ന ഫോട്ടോകൾ നേരത്തെ പുറത്തുവന്നതിൻ്റെ പശ്ചാത്തലത്തിൽ കുറ്റപത്രം സമർപ്പിക്കുന്നതിന് മുൻപായുള്ള നിർണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിൻ്റെ ഭാഗമായി യുഡിഎഫ് പ്രഖ്യാപിച്ച കേരള യാത്ര ആരംഭിച്ചതിൻ്റെ രണ്ടാം ദിവസം തന്നെ മുന്നണി കൺവീനറെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയമായി വലിയ ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തെത്തന്നെ പിടിച്ചുലയ്ക്കുന്ന നിർണായകമായ നീക്കമാണ് പൊലീസിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. പ്രതിപക്ഷം സ്വർണക്കൊള്ളയെ സർക്കാരിനെതിരായ ആയുധമാക്കുമ്പോൾ യുഡിഎഫ് കൺവീനറെ തന്നെ ചോദ്യം ചെയ്യുന്നതിലൂടെ ശക്തമായ പ്രതിരോധം തീർക്കാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്.



Be the first to comment