ശബരിമല സ്വർണക്കൊള്ള പ്രതികൾക്ക് ജാമ്യമില്ല; എൻ. വാസു, മുരാരിബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യ ഹർജി തള്ളി

ശബരിമല സ്വർണക്കവ‍ർച്ച കേസുകളിലെ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എൻ വാസു, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, കെ.എസ്.ബൈജു എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ശ്രീകോവിലിന്‍റെ കട്ടിളപ്പാളിയിൽ പതിച്ചിരുന്ന സ്വർണപ്പാളികൾ ചെമ്പ് പാളികളാണെന്ന് രേഖപ്പെടുത്തി അവ ഇളക്കിമാറ്റാൻ ശുപാർശ നൽകി എന്നതാണ് എൻ വാസുവിനെതിരായ കേസ്.

ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികൾ മാറ്റിയ കേസിൽ രണ്ടാം പ്രതിയും ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ ആറാം പ്രതിയുമാണ് മുരാരി ബാബു. സ്വർണപ്പാളികൾക്ക് പകരം ചെമ്പ് പാളികൾ എന്ന് തെറ്റായി രേഖപ്പെടുത്തി കവർച്ചയ്ക്ക് കളമൊരുക്കി എന്നാണ് മുരാരി ബാബുവിനെതിരായ കേസ്.

അതേസമയം ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT യ്ക്ക് തിരിച്ചടി. ശബരിമല സ്വർണക്കൊള്ളയിൽ ഇ ഡി കേസെടുത്ത് അന്വേഷിക്കും. ഇ ഡിക്ക് രേഖകളും നൽകാൻ വിജിലൻസ് കോടതി ഉത്തരവ്. SIT യുടെ എതിർപ്പ് വിജിലൻസ് കോടതി തള്ളി. ഈ ഡി സമാന്തര അന്വേഷണം നടത്തുന്നതിനെ SIT എതിർത്തിരുന്നു. റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും അടക്കമുള്ള രേഖകൾ ഇഡിക്ക് കൈമാറും.

ശബരിമല സ്വർണക്കൊള്ളയിൽ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിനാണ് എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും അടക്കമുള്ള രേഖകൾ ആവശ്യപ്പെട്ടാണ് ഇ ഡി കോടതിയെ സമീപിച്ചത്. എന്നാൽ, മുഴവൻ രേഖകൾ കൈമാറുന്നതിൽ എസ്ഐടി എതിർപ്പ് അറിയിച്ചിരുന്നു.

കള്ളപ്പണ ഇടപാട് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ, സമാന്തര അന്വേഷണം വേണ്ടെന്നുമാണ് എസ്ഐടിയുടെ നിലപാട്. കൂടുതൽ പ്രതികളിലേക്ക് എത്തുന്നതിന് ഇത് തിരിച്ചടിയാകുമെന്നും എസ്ഐടിക്ക് വേണ്ടി പ്രോസിക്യൂഷൻ വാദിച്ചിരുന്നു. എന്നാൽ, രേഖകൾ നൽകുന്നത് എങ്ങനെയാണ് എസ്ഐടിയുടെ അന്വേഷണത്തെ ബാധിക്കുന്നതെന്നായിരുന്നു ഇഡിയുടെ ചോദ്യം. ഹൈക്കോടതി അനുമതിയോടെയാണ് രേഖകൾ ആവശ്യപ്പെടുന്നതെന്നും ഇഡി വാദിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*