പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ ആദ്യ അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കാൻ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). ചൊവ്വാഴ്‌ച വീണ്ടും കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് എസ്‌ഐടിയുടെ അറിയിപ്പ്. ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് നാളെ കേസ് പരിഗണിക്കുന്നത്.
കേസ് പരിഗണിക്കുന്ന അതേ ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് അന്വേഷണ സംഘം സൂചനകള്‍ നല്‍കി. ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ അറസ്റ്റ് ഉൾപ്പെടെയുള്ള അന്വേഷണത്തിൻ്റെ നിലവിലെ പുരോഗതി റിപ്പോർട്ടിൽ ഉൾപ്പെടുത്തും. കൂടാതെ ഇലക്ട്രോപ്ലേറ്റിങ് ചെയ്‌ത ചെന്നൈയിലെ സ്ഥലത്ത് നടത്തിയ അന്വേഷണ വിശദാംശങ്ങളും റിപ്പോർട്ടിൽ പ്രതിപാദിക്കുമെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേര്‍ത്തു.
2019ൽ ദ്വാരപാലക വിഗ്രഹങ്ങളിലും ശ്രീകോവിലിൻ്റെ വാതിൽ പാളികളിലും പൂശിയിരുന്ന സ്വർണം മോഷ്‌ടിച്ച കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്‌ണന്‍ പോറ്റി നിലവില്‍ അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിലാണ്. രണ്ടാഴ്‌ചയ്ക്കുള്ളിൽ കേസിൻ്റെ പുരോഗതി അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കൂടാതെ അന്വേഷണം പൂർത്തിയാക്കാൻ ആറ് ആഴ്‌ച സമയപരിധി നിശ്ചയിക്കാനും കോടതി നിർദേശിച്ചിരുന്നു.
ദ്വാരപാലക വിഗ്രഹങ്ങളുടെയും ശ്രീകോവിൽ വാതിൽ ചട്ടങ്ങളുടെയും പ്ലേറ്റുകളിൽ നിന്ന് സ്വർണം കാണാതായതുമായി ബന്ധപ്പെട്ട് എസ്‌ഐടി രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഉണ്ണികൃഷ്‌ണന്‍ പോറ്റി, തിരുവിതാംകൂർ ദേവസ്വം ബോർഡ് (ടിഡിബി) ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ രണ്ട് കേസുകളിലായി 10 പേരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. മറ്റ് പ്രതികളെ എസ്‌ഐടി ഉടൻ ചോദ്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിമലയിലെ സ്വർണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്‌തുക്കളുടെ ഇൻവെൻ്ററി തയ്യാറാക്കാൻ നിയോഗിക്കപ്പെട്ട അമിക്കസ് ക്യൂറിയും, ചൊവ്വാഴ്‌ച കേസ് പരിഗണിക്കുമ്പോള്‍ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. ജസ്റ്റിസ് ശങ്കരൻ കഴിഞ്ഞ ആഴ്‌ച ശബരിമല സന്ദർശിച്ച് സ്ട്രോംങ് റൂമുകൾ പരിശോധിച്ചിരുന്നു.
അതേസമയം സ്വർണക്കൊള്ള കേസിലെ പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡൻ്റ് സണ്ണി ജോസഫ് ആരോപിച്ചു. ഒക്ടോബർ 6 ന് കോടതി എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും ഒക്ടോബർ 16 ന് മാത്രമാണ് അറസ്റ്റ് നടന്നത്. മറ്റ് കേസുകളിൽ മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായപ്പോൾ, ശബരിമലയിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം മോഷ്‌ടിച്ചതായി ആരോപിക്കപ്പെടുന്നവർ സ്വതന്ത്രമായി നടക്കുന്നു. സർക്കാർ അവരെ മനപൂർവം സംരക്ഷിക്കുകയാണ്,”- അദ്ദേഹം പറഞ്ഞു.



Be the first to comment