ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. സ്വര്‍ണ്ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തുവിട്ടതില്‍ ദേവസ്വം ബോര്‍ഡിന്റെ പങ്ക് പരിശോധിക്കുന്നതിനാണ് നീക്കം. ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍ വാസുവിനെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ദ്വാരപാലക ശില്‍പത്തിലെയും കട്ടിള പാളിയിലും സ്വര്‍ണ്ണത്തിന്റെ ശാസ്ത്രീയ പരിശോധന നടത്തുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. 10 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
കേസില്‍ രണ്ടാംപ്രതി മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ ഭാഗം കോടതി ഇതുവരെ കേട്ടിട്ടില്ല. അതിനാല്‍ ജാമ്യാപേക്ഷ പിന്നീട് പരിഗണിക്കാന്‍ മാറ്റുമെന്നാണ് സൂചന. സ്വര്‍ണ്ണ മോഷണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ട കാര്യം എസ്‌ഐടി റാന്നി കോടതിയില്‍ ബോധിപ്പിക്കും. പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.
ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എന്‍ വിജയകുമാറിനെ ചോദ്യം ചെയ്തിരുന്നു. ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരം കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്നാണ് വിജയകുമാര്‍ നല്‍കിയ മൊഴി. എന്‍ വാസുവിന്റെ മൊഴി അന്വേഷണസംഘം വിശദമായി പരിശോധിക്കുകയാണ്.



Be the first to comment