ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജാമ്യം. ഉപാധികളോടെയാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി അന്‍പതു ദിവസം ആകുന്നതിന് മുന്‍പാണ് ജാമ്യം അനുവദിച്ചത്.
ദ്വാരപാല ശില്‍പ കേസില്‍ മാത്രമാണ് ശ്രീകുമാറിനെ പ്രതിയാക്കിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൂര്‍ണമായും സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ഇതോടെയാണ് ജാമ്യം അനുവദിച്ചത്. തെളിവുകള്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന വാദം മറ്റ് പ്രതികള്‍ കൂടി മുന്നോട്ട് വെക്കുന്നുണ്ട്.
ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയില്‍ കെപി ശങ്കര്‍ദാസിനെ കൂടി ഹാജരാക്കിയിരുന്നു. വന്‍ പൊലീസ് സന്നാഹത്തോടെ വീല്‍ ചെയറിലാണ് അദ്ദേഹത്തെ കോടതിയിലേക്ക് കൊണ്ടുവന്നത്.
അതേസമയം, ശബരിമല സ്വര്‍ണകൊള്ളയില്‍ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാന്‍ ഇഡി. പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചൂണ്ടികാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച മുരാരി ബാബു ഉള്‍പ്പടെയുള്ളവരോട് ഫെബ്രുവരി ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം.
21 ഇടങ്ങള്‍ കേന്ദ്രികരിച്ച് ഇഡി നടത്തിയ പരിശോധനയില്‍ സ്വര്‍ണം ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാടിലും ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളിയെ വിളിച്ചു വരുത്താനാണ് തീരുമാനം.



Be the first to comment