ശബരിമല സ്വർണ്ണക്കൊള്ളയിൽ രണ്ടാം കേസിലും തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണപാളികൾ കടത്തിയ കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിൽ എത്തി SIT അറസ്റ്റ് രേഖപ്പെടുത്തി. ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കട്ടിളപ്പാള്ളി കേസിലെ അറസ്റ്റ് രേഖപ്പെടുത്തിയ അതേ കുറ്റങ്ങൾ ചേർത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ കട്ടിളപ്പാളി കേസിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിയെ ഈ കേസിലും പ്രതി ചേർക്കാൻ കോടതി അനുമതി നൽകി. നിലവില്‍ കട്ടിളപ്പാളി കടത്തിയ കേസില്‍ തന്ത്രി ജയിലിലാണ്.
ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണപ്പാളികൾ മാറ്റുന്നതിനായി ‘അനുജ്ഞാ കലശം’ നടത്തിയത് തന്ത്രിയുടെ നിർദ്ദേശപ്രകാരമാണെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. വിഗ്രഹങ്ങളിലെ സ്വർണത്തിന്റെ തിളക്കം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി അവ നീക്കം ചെയ്യാൻ നിർദ്ദേശിച്ചത് തന്ത്രിയായിരുന്നു. ഇതിന് പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഈ സ്വർണം കൈമാറാൻ തന്ത്രി അനുവാദം നൽകിയത്. സ്വർണം മിനുക്കാനെന്ന വ്യാജേന ക്ഷേത്രത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി മൗനാനുവാദം നൽകിയെന്നും ഇത് ഗുരുതരമായ ആചാര ലംഘനമാണെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ശബരിമലയിൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലും അഴിമതി നടന്നതായി എസ്ഐടി സംശയിക്കുന്നു. തന്ത്രിയുടെ വീട്ടിൽ നിന്ന് പഴയ കൊടിമരത്തിന്റെ ഭാഗമായ സ്വർണം പൊതിഞ്ഞ വാജി വാഹനം കണ്ടെടുത്തതോടെയാണ് അന്വേഷണം ഈ വഴിക്ക് നീങ്ങിയത്. ഇത് കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. കൊടിമരം മാറ്റുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്.



Be the first to comment