ശബരിമല സ്വർണക്കൊള്ള; ജാമ്യം തേടി എൻ വാസു ഹൈക്കോടതിയിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ.വാസു ഹൈക്കോടതിയിൽ. സ്വർണപ്പാളികൾ ഇളക്കിമാറ്റുന്ന സമയത്ത് താൻ സർവീസിൽ ഉണ്ടായിരുന്നില്ലെന്ന് വാസു ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ പറഞ്ഞു. ജാമ്യാപേക്ഷ നേരത്തെ കൊല്ലം വിജിലൻസ് കോടതി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ എൻ വാസു സമീപിച്ചത്.

ശബരിമല സ്വർണക്കൊള്ളയുടെ അന്വേഷണം ഉന്നതരിലേക്ക് വ്യാപ്പിപ്പിക്കണമെന്നാണ് ഹൈക്കോടതി നിർദേശം. കേസിൽ പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ് ജയശ്രീ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാർ എന്നിവരുടെ മുൻ‌കൂർ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം .

ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽ വിഹരിച്ചത് വൻ തോക്കുകളുടെ ആശിർവാദത്തോടെ എന്നാണ് ഹൈകോടതി സിംഗിൾ ബെഞ്ച് നീരിക്ഷണം. ശബരിമലയിലെ സ്വർണക്കൊള്ള സംഭവിക്കാൻ പാടില്ലാത്തതതാണ്. കേവലം ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ നടക്കുന്ന കൊള്ളയല്ല നടന്നത്. ഗൂഢാലോചന പുറത്ത് കൊണ്ടുവരാൻ അന്വേഷണം വ്യാപിപ്പിക്കേണ്ടതുണ്ട്. അതിനാൽ ഉന്നതരിലേക്ക് അന്വേഷണം പോകണമെന്നും ജസ്റ്റിസ് എ ബാധറുദ്ധീന്റെ ബെഞ്ച് വ്യക്തമാക്കി. നിലവിലെ അന്വേഷണത്തിൽ സിംഗിൾ ബെഞ്ച് തൃപ്തി രേഖപ്പെടുത്തി. ഹൈക്കോടതി പരാമർശം ഗുരുതരമെന്നും സ്വർണം കട്ടവരെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

എന്നാൽ തെറ്റ് ചെയ്ത ആരെയും പാർട്ടി സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നും ആവർത്തിച്ചത്. രണ്ടാം പ്രതി മുരാരി ബാബുവിന്റെ ജാമ്യപേക്ഷയിൽ ഹൈക്കോടതി പ്രോസിക്യൂഷനോട് വിശദീകരണം തേടി. അടുത്ത വ്യാഴ്ച്ച വീണ്ടും പരിഗണിക്കും. കേസിലെ എഫ് ഐ ആർ ആവശ്യപ്പെട്ട് ഇഡി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകി. ഇ.ഡിയുടെ അപേക്ഷയും എസ്ഐടിയുടെ എതിർവാദവും 10ന് പരിഗണിക്കും. മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്. ബൈജുവിന്റെ ജുഡീഷ്യൽ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*