ശബരിമല സ്വർണ്ണക്കൊള്ള; ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം; എസ്ഐടി ഇന്ന് സന്നിധാനത്തെത്തും

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കുള്ള സാമ്പിൾ ശേഖരണം ഇന്ന് തുടങ്ങും.ഇതിനായി എസ്ഐടി ഉദ്യോഗസ്ഥർ വൈകീട്ടോടെ സന്നിധാനത്തെത്തും. സ്വർണം പൂശിയ പാളികളിൽ നിന്നും മറ്റ് ഉരുപ്പടികളിൽ നിന്നുമായി സാമ്പിൾ ശേഖരിക്കുന്ന പ്രക്രിയ മൂന്ന് ദിവസത്തോളം നീളാനാണ് സാധ്യത. എസ്ഐടിയോടൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും പരിശോധനയ്ക്കെത്തും.

എക്‌സ്റേ ഫ്‌ളൂറോസീൻസ് സ്‌പെക്ട്രോസ്‌കോപ്പി, ഐസിപി എംഎസ്, ഒഇഎസ് പരിശോധനകൾക്ക് വേണ്ടിയാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ, ജംഷഡ്പുരിലെ നാഷണൽ മെറ്റല്ലർജിക്കൽ ലബോറട്ടറി, ഹൈദരാബാദിലെ ഡിഫൻസ് മെറ്റല്ലർജിക്കൽ റിസർച്ച് ലബോറട്ടറി എന്നിവിടങ്ങളാണ് പരിശോധനയ്ക്കായി പരിഗണനയിലുള്ളത്. ഇതിൽ എവിടേക്കാണ് സാമ്പിളുകൾ അയക്കുകയെന്നത് ഈ മാസം 19 ന് അറിയിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യ ഹർജിയിൽ ഇന്ന് കൊല്ലം വിജിലൻസ് കോടതി വിധി പറയും. കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം തേടിയാണ് കെ എസ് ബൈജു അപേക്ഷ സമർപ്പിച്ചത്. റിമാൻഡിലായി തൊണ്ണൂറ് ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിനായി അപേക്ഷ നൽകിയത്. എന്നാൽ ദ്വാരപാലക കേസിൽ ഈ മാസം 25നാണ് ജാമ്യ ഹർജി സമർപ്പിക്കുക. റിമാൻഡ് തുടരുന്നതിനാൽ ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല.

Be the first to comment

Leave a Reply

Your email address will not be published.


*