ശബരിമല സ്വർണക്കൊള്ള കേസിൽ നാലാംപ്രതി എസ് ജയശ്രീയുടെ മുൻകൂർ ജാമ്യം നാളെ സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ ബെഞ്ചാണ് അപേക്ഷ പരിഗണിക്കുക. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജയശ്രീ മുൻകൂർ ജാമ്യം തേടിയത്. ഹൈക്കോടതി ജാമ്യം തള്ളിയതിനെ തുടർന്നാണ് ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്.
അതിനിടെ കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. ചെറിയൊരു ഇടവേളക്കുശേഷമാണ് ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അന്വേഷണസംഘം വീണ്ടും അറസ്റ്റിലേക്ക് കടന്നത്.സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ ശ്രീകുമാറിനെ എസ് ഐ ടി ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളുടെ ജാമ്യ അപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് നടപടി.
2019 -ൽ ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി പുറത്തേക്കു കൊണ്ടുപോകുമ്പോഴും തിരികെ കൊണ്ടുവരുമ്പോഴും ശ്രീകുമാര്‍ ആയിരുന്നു അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍. ക്രമക്കേടില്‍ ശ്രീകുമാറിനും പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. എന്നാൽ മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്‍റെ വാദം. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് ശ്രീകുമാറിന്റെ വൈദ്യ പരിശോധന പൂർത്തിയാക്കി. ഇന്നുതന്നെ കോടതിയിൽ ഹാജരാക്കും.കേസിൽ നിലവിലെ പ്രതികളിൽ മുന്‍ ദേവസ്വം സെക്രട്ടറിഎസ്.ജയശ്രീയെ മാത്രമാണ് ഇനി അറസ്റ്റ് ചെയ്യാനുള്ളത്.



Be the first to comment