എറണാകുളം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആശ്വാസം പകരുന്ന നിരീക്ഷണങ്ങളുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കവെയാണ് അന്വേഷണം ശരിയായ ദിശയിലാണെന്ന് ബെഞ്ച് വ്യക്തമാക്കിയത്. കോടതിയുടെ പൂർണ മേൽനോട്ടത്തിലാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും കോടതി നിരീക്ഷിച്ചു.
കേസിൽ പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദോഷകരമായി ബാധിക്കില്ല. ഇത് അന്വേഷണ സംഘത്തിൻ്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി. തൊണ്ണൂറ് ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്ന് പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. ഇത് തടയാൻ കൃത്യസമയത്ത് കുറ്റപത്രം നൽകണമായിരുന്നു എന്നതായിരുന്നു മുൻ സിംഗിൾ ബെഞ്ച് നിരീക്ഷണം. ഇതിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് ദേവസ്വം ബെഞ്ച് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
ശബരിമല സ്വർണക്കൊള്ള എന്നത് അതീവ സങ്കീർണവും അസാധാരണവുമായ കേസാണ്. അതിനാൽ അന്വേഷണം പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്. സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാൻ വേണ്ടി മാത്രം തിടുക്കത്തിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അപൂർണമായ കുറ്റപത്രം വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി വിലയിരുത്തി. അതിനാൽ കൃത്യമായ തെളിവുകൾ ശേഖരിച്ച് കുറ്റപത്രം സമർപ്പിക്കുന്നതാണ് ഉചിതം.
കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ചതിൽ കോടതിക്ക് യാതൊരുവിധ ആശങ്കയുമില്ല. തൊണ്ണൂറ് ദിവസങ്ങൾക്ക് ശേഷം പ്രതികൾക്ക് ജാമ്യം ലഭിച്ചത് കേസിൻ്റെ മെറിറ്റിനെയോ മുന്നോട്ടുള്ള അന്വേഷണത്തെയോ ഒരു തരത്തിലും ബാധിക്കില്ല. എസ്‌ഐടിയുടെ അന്വേഷണം ഏറ്റവും വിശ്വാസയോഗ്യമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. സിബിഐയിൽ ഡെപ്യൂട്ടേഷനിലിരുന്ന ഉദ്യോഗസ്ഥരും നിലവിലെ അന്വേഷണ സംഘത്തിലുണ്ട് എന്നത് കാര്യക്ഷമത വർധിപ്പിക്കുന്നു. കേസിലെ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി ആവർത്തിച്ച് വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, വിശ്വഹിന്ദു പരിഷത്ത് എന്നിവർ ഉൾപ്പെടെ നൽകിയ ഹർജികൾ രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. എല്ലാ കാര്യങ്ങളും കോടതിയുടെ കൃത്യമായ മേൽനോട്ടത്തിലാണ് നടക്കുന്നത്. അതിനാൽ കുറച്ചു സമയം കൂടി നൽകണമെന്നും ഹർജിക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണ വിവരങ്ങൾ എസ്‌ഐടിയിൽ നിന്നും തങ്ങൾക്ക് ലഭ്യമല്ലെന്ന് സർക്കാരും കോടതിയെ അറിയിച്ചു. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നത് അന്വേഷണത്തിൻ്റെ ഭാഗമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഹർജിയെ എതിർക്കേണ്ടത് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതിയാണെന്നും ബെഞ്ച് വ്യക്തമാക്കി.
ശാസ്ത്രീയ പരിശോധനയും സ്വർണവും
കേസിൻ്റെ സങ്കീർണതയും സാങ്കേതിക ബുദ്ധിമുട്ടുകളും കോടതി പൂർണമായും ഉൾക്കൊള്ളുന്നുണ്ട്. ശാസ്ത്രീയ പരിശോധന ഫലങ്ങൾ ലഭിക്കാൻ ഒന്ന് മുതൽ രണ്ട് മാസം വരെ സമയമെടുക്കും. വിഎസ്എസ്‌സിയിൽ (VSSC) നിന്നുള്ള ഫലം ലഭിച്ചാൽ മാത്രമേ ദ്വാരപാലക ശിൽപത്തിൽ നിന്നും എത്ര അളവിൽ സ്വർണം നഷ്ടമായി എന്ന് കൃത്യമായി തിട്ടപ്പെടുത്താൻ സാധിക്കുകയുള്ളൂ. 4147 ഗ്രാം സ്വർണമാണ് ശബരിമലയിൽ നിന്നും കൊള്ളയടിക്കപ്പെട്ടതെന്നാണ് പ്രോസിക്യൂഷൻ വാദം.
ഇതിൽ 467 ഗ്രാം സ്വർണം മാത്രമാണ് ഇതുവരെ കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്. കണ്ടെടുത്ത സ്വർണം തൊണ്ടിമുതൽ തന്നെയാണോ എന്നതിലും വ്യക്തത വരുത്തേണ്ടതുണ്ട്. കേസിൽ ഇടക്കാല കുറ്റപത്രത്തിലേക്കോ കരട് കുറ്റപത്രത്തിലേക്കോ അന്വേഷണ സംഘം കടക്കുകയാണെന്നാണ് സൂചന. ശാസ്ത്രീയ പരിശോധന ഫലങ്ങൾ കേസിൽ നിർണായകമായ റിപ്പോർട്ടായി മാറും. കേസിൻ്റെ സങ്കീർണത പരിഗണിച്ച് അന്വേഷണത്തിന് കാലതാമസം നേരിടുന്നത് സ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു.
നേരത്തെ കൈയക്ഷര പരിശോധനയുമായും തൊണ്ടിമുതൽ കണ്ടെത്തുന്നതിലെ വീഴ്ചയുമായും ബന്ധപ്പെട്ട് അന്വേഷണ സംഘത്തിനെതിരെ ഗുരുതരമായ വിമർശനങ്ങൾ ഉയർന്നിരുന്നു. കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിനും ശ്രീകുമാറിനും ജാമ്യം ലഭിച്ചതും ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി വിധി പറയാൻ മാറ്റിവച്ചതും പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയിരുന്നു. എന്നാൽ സ്വാഭാവിക ജാമ്യം അന്വേഷണത്തെ ബാധിക്കില്ലെന്ന കോടതിയുടെ നിരീക്ഷണം ഇത്തരം രാഷ്ട്രീയ ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. നിലവിലെ അന്വേഷണം പ്രൊഫഷണൽ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് കോടതി അടിവരയിട്ടു പറയുന്നു. ഇത് സർക്കാരിനും അന്വേഷണ സംഘത്തിനും നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.



Be the first to comment