ശബരിമല സ്വര്‍ണകൊള്ള; ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാന്‍ ഇഡി

ശബരിമല സ്വര്‍ണകൊള്ളയില്‍ ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാന്‍ ഇഡി. പ്രതികളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിക്കുന്നത്. പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചൂണ്ടികാണിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്. ജാമ്യം ലഭിച്ച മുരാരി ബാബു ഉള്‍പ്പടെയുള്ളവരോട് ഫെബ്രുവരി ആദ്യം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. 

21 ഇടങ്ങള്‍ കേന്ദ്രികരിച്ച് ഇഡി നടത്തിയ പരിശോധനയില്‍ സ്വര്‍ണം ഉള്‍പ്പടെ കണ്ടെത്തിയിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും തമ്മിലുള്ള സാമ്പത്തിക ഇടപാടിലും ഇഡി അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രതികളുടെ ചോദ്യം ചെയ്യലിന് ശേഷം കടകംപള്ളിയെ വിളിച്ചു വരുത്താനാണ് തീരുമാനം.

കേസില്‍ ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം ലഭിക്കുന്ന മുറയ്ക്ക് എസ്‌ഐടി കുറ്റപത്രം തയ്യാറാക്കും. സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധന വിഎസ്എസ്‌സിയില്‍ തുടരുകയാണ്. 1998, 2019 സമയങ്ങളില്‍ സ്വര്‍ണം പൊതിഞ്ഞ ഉരുപ്പടികളുടെയും സ്വര്‍ണം പൂശിയ പാളികളുടെയും താരതമ്യ പരിശോധനയാണ് തുടരുന്നത്. ആദ്യ പരിശോധന നടത്തിയ ശാസ്ത്രജ്ഞരുടെ മൊഴി ഇതിനോടകം എസ്‌ഐടി രേഖപ്പെടുത്തിക്കഴിഞ്ഞു. ഒറിജിനല്‍ പാളികള്‍ മാറ്റി പ്രതികള്‍ ഡ്യൂപ്ലിക്കേറ്റ് പാളികള്‍ സന്നിധാനത്ത് സ്ഥാപിച്ചിട്ടുണ്ടാവാന്‍ സാധ്യതയില്ലെന്നാണ് മൊഴി.

അതിനിടെ, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെപി ശങ്കരദാസിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് പൂര്‍ത്തിയാകും. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആശുപത്രിയില്‍ക്കഴിയുന്ന ശങ്കരദാസിന്റെ ആരോഗ്യസ്ഥിതിയടക്കം എസ്‌ഐടി ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയെ അറിയിക്കും.

ശബരിമലയില്‍ നിന്ന് കട്ടിളപ്പാളികള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. ഉണ്ണികൃഷ്ണന്‍ പോറ്റി തിരികെ സ്ഥാപിച്ചത് യഥാര്‍ത്ഥ കട്ടിളപ്പാളികള്‍ തന്നെ. എന്നാല്‍ വലിയ തോതില്‍ സ്വര്‍ണം നഷ്ടപ്പെട്ടുവെന്നും ശാസ്ത്രജ്ഞരുടെ മൊഴിയുണ്ട്. പ്രത്യേക അന്വേഷണസംഘം ഇക്കാര്യം ഹൈക്കോടതി അറിയിച്ചു. കൂടുതല്‍ വിശദ പരിശോധന നടത്തണമെന്നും മൊഴിയിലുണ്ട്. വിശദ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാമെന്നും ശാസ്ത്രഞ്ജര്‍ എസ്‌ഐടിയെ അറിയിച്ചു. പ്രത്യേക അന്വേഷണസംഘം ശാസ്ത്രജ്ഞരുടെ മൊഴി വിവരങ്ങള്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ഗോവര്‍ധന്‍ , ശ്രീകുമാര്‍ എന്നിവരെ 14 ദിവസത്തേയ്ക്ക് കൂടി ഇന്നലെ റിമാന്‍ഡ് ചെയ്തു. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. കട്ടിളപ്പാളി കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഫെബ്രുവരി മൂന്നിലേക്ക് മാറ്റിയിട്ടുമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*