ശബരിമല സ്വർണക്കൊള്ള; ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ട കോടതിമുറിയിൽ

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ നടപടികൾ ഇനി അടച്ചിട്ടമുറിയിൽ. ഇത് സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാർ ഉത്തരവിറക്കി. കേസിന്റെ അതീവരഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായിട്ടാണ് നടപടികൾ അടച്ചിട്ട മുറിയിൽ ആയിരിക്കുമെന്ന് ഉത്തരവ് ഇറക്കിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇനി കേസുമായി ബന്ധപ്പെട്ട് പുറത്തുവരാണുള്ളത്. കേസിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോൾ തന്നെ എന്തൊക്കെ വിവരങ്ങൾ ലഭിച്ചു എന്നകാര്യങ്ങളടക്കം ഇന്ന് പ്രത്യേക അന്വേഷണംസംഘം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉണ്ടാകും.

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണക്കൊള്ളയില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരെയും കേസിൽ പ്രതിചേർത്തിട്ടുണ്ട്. ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു, മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍ കുമാര്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാര്‍, മുന്‍ ദേവസ്വം സെക്രട്ടറി ആര്‍ ജയശ്രീ, മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു , മുന്‍ തിരുവാഭരണ കമ്മീഷണര്‍ ആര്‍ ജി രാധാകൃഷ്ണന്‍, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ രാജേന്ദ്ര പ്രസാദ്, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ രാജേന്ദ്രന്‍ നായര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

അതേസമയം, കേസിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രമണ്യത്തെ നോട്ടീസ് നൽകി വിട്ടയച്ചു. എങ്കിലും വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. ഇന്നലെ കസ്റ്റഡിയിലുള്ള പോറ്റിക്കൊപ്പം ഇരുത്തിയാണ് ഇയാളെ ഈഞ്ചക്കലിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*