ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വിദേശ യാത്രയില്‍ അന്വേഷണം. 2019നും 2025നും ഇടയില്‍ നടത്തിയ വിദേശയാത്രകളാണ് എസ്‌ഐടിയുടെ അന്വേഷണ പരിധിയിലുള്ളത്. ഇക്കാര്യത്തില്‍ നിര്‍ണായക ചോദ്യം ചെയ്യല്‍ നടക്കുന്നു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്താരാഷ്ട്രബന്ധം സംശയിച്ച് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം പരാമര്‍ശം നടത്തിയിരുന്നു. ക്ഷേത്രങ്ങളില്‍നിന്നും മറ്റും പുരാവസ്തുക്കളും വിഗ്രഹങ്ങളും കൊള്ളയടിച്ച് കടത്തുന്ന സുഭാഷ് കപൂറിന്റെ രീതിക്കു സമാനമായ കൊള്ളയാണ് ശബരിമലയില്‍ ഉണ്ണികൃഷ്ണന്‍ നടത്തിയതെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ വിദേശയാത്രയുടെ വിവരങ്ങളില്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ നടക്കുന്നത് എന്നാണ് വിവരം. 2019നും 2025നും ഇടയില്‍ നിരവധി വിദേശയാത്രകള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നത്. എസ്പിമാരായ ശശിധരന്‍, ബിജോയ് എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ രണ്ടാമതും കസ്റ്റഡിയില്‍ വാങ്ങിയ പ്രതികള്‍ മുരാരി ബാബുവുവിനെയും സുധീഷ് കുമാറിനെയും എസ്‌ഐടി ഇന്ന് വിശദമായി ചോദ്യം ചെയ്യും. ഒടുവില്‍ അറസ്റ്റിലായ മുന്‍ തിരുവാഭരണ കമ്മീഷണര്‍ കെ.എസ് ബൈജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യല്‍. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളികള്‍ കൊടുത്തു വിട്ടപ്പോഴും തിരികെ കൊണ്ടു വന്നപ്പോഴും പരിശോധനയോ ദേവസ്വo സ്മിത്തിന്റെ സാന്നിധ്യമൊ തിരുവാഭരണ കമ്മീഷണര്‍ ഉറപ്പാക്കിയിരുന്നില്ല. ഇത് ഉന്നത ഉദ്യോസ്ഥരുടെ താല്പര്യപ്രകാരമാണെന്നാണ് ബൈജുവിന്റെ മൊഴി.

എസ്‌ഐടി സന്നിധാനത്ത് എത്തി തിരുവാഭരണ കമ്മീഷണറുടെ ഓഫീസ് ഫയലുകളും പരിശോധിക്കും. മുരാരി ബാബുവിന്റെയും സുധീഷ് കുമാറിന്റെയും കസ്റ്റഡി കാലാവധി തീരും മുന്‍പേ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കെഎസ് ബൈജുവിനെ എസ്‌ഐടി കസ്റ്റഡിയില്‍ വാങ്ങും. അതിനു മുന്‍പേ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും മുന്‍ കമ്മീഷണറുമായ എന്‍ വാസുവിനെയും ദേവസ്വം സെക്രട്ടറി ജയശ്രീയെയും അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി.

Be the first to comment

Leave a Reply

Your email address will not be published.


*