ശബരിമല സ്വര്‍ണക്കൊള്ള; കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ റിമാന്‍ഡിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരം എസ് പി മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു കെ പി ശങ്കരദാസ്. ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയാണ് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

മെഡിഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് റിമാന്‍ഡ് ചെയ്തത്. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ പി ശങ്കരദാസ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശങ്കരദാസിനെ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം കോടതിയെ അറിയിക്കുകയും ചെയ്തു.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായകമായ വിഎസ്എസ്‌സിയുടെ ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണസംഘത്തിന് കൊല്ലം വിജിലന്‍സ് കോടതി കൈമാറി. ശാസ്ത്രീയ പരിശോധന ഫലം ഉള്‍പ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട് തിങ്കളാഴ്ച്ച എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കും.

കേസില്‍ തുടര്‍നീക്കത്തില്‍ പരിശോധന ഫലം നിര്‍ണായകമാണ്. മുദ്രവെച്ച കവറില്‍ ഇന്നലെയാണ് വിഎസ്എസ്‌സി റിപ്പോര്‍ട്ട് കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. യുബി ഗ്രൂപ്പ് 1998ല്‍ പൊതിഞ്ഞ സ്വര്‍ണം തന്നെയാണോ എസ്‌ഐറ്റി കണ്ടെടുത്തത്, ദ്വാരപാലക ശില്‍പങ്ങളിലും കട്ടിളയിലും ഇപ്പോള്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണവും യുബി ഗ്രൂപ്പ് പൊതിഞ്ഞ സ്വര്‍ണവും തമ്മില്‍ വ്യത്യാസമുണ്ടോ, നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ മൂല്യം, സ്വര്‍ണത്തിന്റെ പുരാവസ്തു മൂല്യം എന്നീ വിവരങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടാകും. ഇതുള്‍പ്പടെ കേസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് തിങ്കളാഴ്ച എസ്‌ഐടി ഹൈക്കോടതിയില്‍ സമര്‍പ്പിക്കുക.

വാജി വാഹന കൈമാറ്റത്തിന് ഇടയാക്കിയ 2017ലെ ശബരിമലയിലെ കൊടിമര പുനഃപ്രതിഷ്ഠയില്‍ കേസെടുത്തേക്കും. കൊടിമരം പുനഃസ്ഥാപിക്കാന്‍ എടുത്ത തീരുമാനം മുതല്‍ വാജി വാഹന കൈമാറ്റം വരെ സംശയകരമെന്നാണ് എസ്ഐടി നിലപാട്. കൊടിമര നിര്‍മാണത്തിന് എന്ന പേരില്‍ 2016ലെ ദേവസ്വം ബോര്‍ഡ് വ്യാപകമായി പണം പിരിച്ചു.

പഴയ കൊടിമരത്തില്‍ ഉണ്ടായിരുന്ന സ്വര്‍ണത്തിന്റെ അളവിലും അഷ്ടദിക് പാലകര്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ കാര്യത്തിലും വ്യക്തതയില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. കോടതി അനുവദിച്ചാല്‍ കേസെടുത്തു അന്വേഷിക്കാനാണ് തീരുമാനം. കേസെടുത്താല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്റെയും അജയ് തറയിലിന്റെയും നേതൃത്വത്തിലുള്ള യുഡിഎഫ് കാലത്തെ ദേവസ്വം ബോര്‍ഡ് പ്രതിയാകും.

Be the first to comment

Leave a Reply

Your email address will not be published.


*