ശബരിമല സ്വർണ മോഷണം; കേസെടുക്കാൻ നിർദേശം, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തൽ

ശബരിമല സ്വർണമോഷണത്തിൽ കേസെടുക്കാൻ പൊലീസിന് നിർദേശം. ലോക്കൽ പൊലീസിനാണ് ഉന്നതതല നിർദേശം ലഭിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ ദേവസ്വം വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയായിരിക്കും പമ്പാസ്റ്റേഷനിലെ പൊലീസ് കേസെടുക്കുക. ഉണ്ണികൃഷ്ണൻ പോറ്റി, ദേവസ്വം ഉദ്യോഗസ്ഥർ എന്നിവരെ പ്രതിചേർക്കും. ഇന്നോ നാളെയോ ആയി കേസെടുക്കാനാണ് സാധ്യത. എഫ്ഐആർ എസ് ഐ ടിക്ക് കൈമാറാൻ ആണ് ധാരണ.

സ്വർണമോഷണവുമായി ബന്ധപ്പെട്ട് പമ്പാ സ്റ്റേഷനിൽ മാത്രം ആറോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. ഇതിൽ ചില പരാതികളിൽ പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഈ പരാതികളും പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. അതേസമയം, സ്വർണം മോഷണം പോയിട്ടുണ്ടെന്ന് ഉറപ്പിക്കുകയാണ് ദേവസ്വം വിജിലൻസ് പൂർണ റിപ്പോർട്ട് . ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിൽ ഉണ്ട്. കേസെടുത്ത് അന്വേഷിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ചെന്നൈയിൽ എത്തിച്ചത് പുതിയ ചെമ്പ് പാളിയെന്നും കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസ് CEO യുടെതായിരുന്നു ഈ നിർണ്ണായക മൊഴി.

അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പായിട്ടാണ് സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒയുടെ നിര്‍ണായക മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയത്. ചെന്നൈയിൽ സ്വര്‍ണം പൂശാനെത്തിച്ചത് പുതിയ ചെമ്പ് പാളിയാണെന്നും സ്വര്‍ണം പൊതിഞ്ഞവ ആയിരുന്നില്ലെന്നും കാലപ്പഴക്കം ഉണ്ടായിരുന്നില്ലെന്നുമാണ് സ്മാര്‍ട്ട് ക്രിയേഷൻസ്‍ സിഇഒ പങ്കജ് ഭണ്ഡാരിയുടെ നിര്‍ണായക മൊഴി.

Be the first to comment

Leave a Reply

Your email address will not be published.


*