ശബരിമല സ്വർണ്ണക്കൊള്ളയിൽ കട്ടിളപ്പാളി മോഷ്ടിച്ച കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുന്നു. കട്ടിളപ്പാളിയിലെ സ്വർണ്ണം തട്ടിയെടുത്തതുമായി ബന്ധപ്പെട്ടാണ് എസ് ഐ ടി വിവരങ്ങൾ തേടുന്നത്. ഈ മാസം പത്താം തീയതി വരെ ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ പത്മകുമാറിനെ വൈകാതെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. ഇതിനുമുമ്പ് പരമാവധി വിവരങ്ങൾ ശേഖരിക്കുകയാണ് എസ്‌ഐടി. മുരാരി ബാബു നൽകിയ ജാമ്യാപേക്ഷ ഈമാസം 6 ന് കോടതി പരിഗണിക്കും.
അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി അന്വേഷണം ദേവസ്വം തലപ്പത്തേക്ക് കൂടി എത്തുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിനെ ചോദ്യം ചെയ്തു. 2019 ഡിസംബർ 9നാണ് സ്വർണ്ണക്കവർച്ച കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇ-മെയിൽ ബോർഡ് പ്രസിഡന്റായ എൻ.വാസുവിന് വന്നത്. ദ്വാരപാലക ശിൽപ്പങ്ങളുടെയും ശ്രീകോവിലിന്റെയും മുഖ്യജോലികൾ പൂർത്തിയാക്കിയ ശേഷം സ്വർണ്ണം ബാക്കിയുണ്ടെന്നും സഹായം ആവശ്യമുള്ള പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഇത് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു മെയിൽ. ഇക്കാര്യത്തിൽ ഉൾപ്പെടെയാണ് അന്വേഷണ സംഘം വാസുവിനോട് വിവരം തേടിയത്.



Be the first to comment