ശബരിമല കട്ടിളപ്പാളി കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ കമ്മീഷണറും പ്രസിഡന്റുമായിരുന്ന എൻ വാസുവിനെ പ്രതിചേർത്തേക്കും. ഉണ്ണികൃഷ്ണൻ പോറ്റിക്കായി എസ്ഐടി നൽകിയ കസ്റ്റഡി അപേക്ഷയിൽ മുൻ ദേവസ്വം കമ്മീഷണർക്കെതിരെ ഗുരുതര പരാമർശങ്ങളുണ്ട്. നാളെ ഹൈക്കോടതിയിൽ എസ്ഐടി രണ്ടാം ഇടക്കാല റിപ്പോർട്ട് നൽകുന്നത്.
നിലവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്ന് ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണ്ണപ്പാളി കൊണ്ടുപോയെന്നതും രണ്ടാമത്തേത് കട്ടിളപ്പാളി കേസുമാണ്. കട്ടിളപ്പാളി കേസില്‍ മൂന്നാം പ്രതി ദേവസ്വം കമ്മിഷണറാണ്. 2019ല്‍ ദേവസ്വം കമ്മിഷണറായിരുന്നു എന്‍ വാസു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്കായി കഴിഞ്ഞദിവസം റാന്നി കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഈ അപേക്ഷയിലാണ് മൂന്നാം പ്രതി ദേവസ്വം കമ്മിഷണറാണെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
നേരത്തേ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ പേര് ചേർത്തിരുന്നില്ല. എന്നാൽ ഇടക്കാല റിപ്പോർട്ടിൽ എൻ വാസുവിനെ പ്രതി പട്ടികയിൽ ഉൾപ്പെടുത്തിയ വിവരം കോടതിയെ അറിയിക്കുമെന്നാണ് വിവരം. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി ചെമ്പുപാളിയാണെന്ന് മഹസറിൽ രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം കമ്മീഷണറുടെ ശുപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരൻ നേരിട്ടെത്തിയാകും റിപ്പോർട്ട് സമർപ്പിക്കുക.
ഇതിനിടെ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയെ എസ്ഐടി ചോദ്യം ചെയ്തുവരികയാണ്. മുൻ ദേവസ്വം പ്രസിഡന്റ് കൂടിയായിരുന്നു എൻ വാസുവിനെയും വീണ്ടും ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. അതേസമയം വാസുവിന്റെ മുൻ പിഎയും മുൻ എക്‌സിക്യൂട്ടീവ് ഓഫീസറുമായ ഡി സുധീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിക്കുന്നതിന് എസ്ഐടി അപേക്ഷ നൽകും.



Be the first to comment