പൊന്നമ്പലമേട്ടിൽ ഇന്ന് മകരജ്യോതിയുടെ ദിവ്യദർശനം; മകരവിളക്ക് ദിനത്തില്‍ സന്നിധാനം ഭക്തിസാന്ദ്രം

പത്തനംതിട്ട: ശബരിമല സന്നിധാനം മകരവിളക്ക് മഹോത്സവത്തിന്‍റെ ആത്മീയ പുണ്യത്തിലേക്ക് കടക്കുകയാണ്. അയ്യപ്പഭക്തർ കാത്തിരിക്കുന്ന മകരസംക്രമപൂജ ഇന്ന് ഉച്ചകഴിഞ്ഞ് 3.08-ന് നടക്കും. പന്തളത്തുനിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.25-ഓടെ സന്നിധാനത്തെത്തും. ശരംകുത്തിയിൽ വച്ച് ദേവസ്വം പ്രതിനിധികൾ സ്വീകരിക്കുന്ന ഘോഷയാത്രയെ സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരിയും ചേർന്ന് ഏറ്റുവാങ്ങും. തുടർന്ന് തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്കായി നട അടയ്ക്കും. ദീപാരാധന വേളയിൽ കിഴക്കൻ ചക്രവാളത്തിൽ മകരനക്ഷത്രം ഉദിക്കുന്നതോടെ പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. ഐശ്വര്യത്തിന്‍റെയും ആത്മീയ ഉണർവിന്‍റെയും പ്രതീകമായി വിശ്വാസികൾ കരുതുന്ന മകരസംക്രാന്തി മുഹൂർത്തം സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് പ്രവേശിക്കുന്ന വേളയാണ്.

മകരവിളക്ക് മഹോത്സവത്തിനായുള്ള എല്ലാ ഒരുക്കങ്ങളും സന്നിധാനത്ത് പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. ജയകുമാർ അറിയിച്ചു. നിലവിൽ ഒരു ലക്ഷത്തോളം തീർത്ഥാടകർ സന്നിധാനത്തും പരിസരത്തുമായി തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴി ഭക്തരുടെ പ്രവാഹം തുടരുന്ന പശ്ചാത്തലത്തിൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് സജ്ജമാണ്.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഇത്തവണ തിരുമുറ്റത്തും ഫ്ലൈ ഓവറുകളിലും മകരജ്യോതി ദർശിക്കുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ബോർഡ് നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ പാസ് ഉള്ളവർക്ക് മാത്രമേ ഈ സ്ഥലങ്ങളിൽ നിൽക്കാൻ അനുവാദമുള്ളൂ. സുതാര്യത ഉറപ്പാക്കുന്നതിനായി ഈ പാസ് കൈമാറ്റം ചെയ്യാൻ പാടില്ലെന്നും അധികൃതർ വ്യക്തമാക്കി.

ദർശനം കഴിഞ്ഞ് മടങ്ങുന്ന ഭക്തർ തിടുക്കം കൂട്ടുന്നത് ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. തീർത്ഥാടകരുടെ മടക്കയാത്ര സുഗമമാക്കാൻ പമ്പയിൽ കൂടുതൽ കെഎസ്ആര്‍ടിസി ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തർക്ക് താമസസൗകര്യം ഉറപ്പാക്കാൻ ഇക്കുറി ഓൺലൈൻ ബുക്കിംഗ് സംവിധാനം കാര്യക്ഷമമാക്കിയിരുന്നു.

ഒരു തരത്തിലുള്ള ചൂഷണങ്ങൾക്കും ഭക്തർ വിധേയരാകില്ലെന്ന് ബോർഡ് പ്രസിഡന്‍റ് ഉറപ്പുനൽകി. മകരവിളക്കിനോടനുബന്ധിച്ച് ബുധനാഴ്ച മലകയറ്റത്തിന് കർശന നിയന്ത്രണമുണ്ട്. രാവിലെ 11 മുതൽ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിടുന്നില്ല. പത്തുമണി മുതൽ നിലയ്ക്കൽ-പമ്പ റൂട്ടിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. ഈ വർഷത്തെ തീർത്ഥാടനത്തിന്‍റെ അവലോകനത്തിനും അടുത്ത സീസണിലെ മുന്നൊരുക്കങ്ങൾക്കുമായി ഫെബ്രുവരി 6-ന് വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേരുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അന്‍പതോളം ഡോക്‌ടര്‍മാരുടെയം അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലയ്ക്കല്‍ ആശുപത്രികളിലായാണ് സഹായമുണ്ടാവുക.

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി ഡോക്‌ടർമാരും റിസര്‍വ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്. സാധാരണ മരുന്നുകള്‍ക്ക് പുറമെ ഹൃദയാഘാതത്തിന് ഉപയോഗിക്കുന്ന മരുന്ന്, പാമ്പിന്‍ വിഷത്തിനുള്ള ആൻ്റി സ്നേക്ക് വെനം, പേവിഷബാധയ്ക്കുള്ള പ്രതിരോധ മരുന്ന് ഇമ്മ്യൂണോഗ്ലോബുലിന്‍ മുതലായവയും ആശുപത്രികളില്‍ ലഭ്യമാണ്.

മകരവിളക്ക് വ്യൂ പോയിൻ്റുകളിൽ ആംബുലന്‍സും മെഡിക്കല്‍ സംഘവും സേവനത്തിനുണ്ടാകും. അടിയന്തര സര്‍വീസിനായി നിലവിലുള്ള 27 ആംബുലന്‍സുകള്‍ക്ക് പുറമേ 19 അധിക ആംബുലന്‍സുകള്‍ ഉള്‍പ്പെടെ 46 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 14 ആംബുലന്‍സുകള്‍ വിവിധ വ്യു പോയിന്റുകളിലും 5 ആംബുലന്‍സുകള്‍ പമ്പയിലും നിലയ്ക്കലുമായി സേവനത്തിനുണ്ടാകും.

Be the first to comment

Leave a Reply

Your email address will not be published.


*