വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

വൃശ്ചികപ്പുലരിയില്‍ ശബരിമലയില്‍ അയ്യനെ കണ്‍കുളിര്‍ക്കെ കാണാന്‍ ഭക്തരുടെ നീണ്ട നിര. പുലര്‍ച്ചെ മൂന്നിന് മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരിയാണ് നട തുറന്നത്. ഇന്ന് മുതല്‍ ദിനംപ്രതി 90,000 ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നട തുറന്ന് രണ്ട് മണിക്കൂറിനുള്ളില്‍ നിലയ്ക്കലിലെ പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ നിറഞ്ഞു. സന്നിധാനത്ത് തിരക്ക് തുടരുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാറിന്റെ നേതൃത്വത്തില്‍ രാത്രി വൈകി അവലോകന യോഗങ്ങള്‍ ചേരും.

വരും ദിവസങ്ങളിലേക്കുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് പൂര്‍ത്തിയായിട്ടുണ്ട്. മണ്ഡല മകരവിളക്കു തീര്‍ഥാടനത്തിനു തുടക്കം കുറിച്ച് തന്ത്രിമാരായ കണ്ഠര് മഹേഷ് മേഹനരുടെ മേല്‍ശാന്തി എസ് അരുണ്‍കുമാര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് വിളക്ക് തെളിയിച്ചു. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്നു. മാളികപ്പുറം മേല്‍ശാന്തി ടി. വാസുദേവന്‍ നമ്പൂതിരി മാളികപ്പുറത്ത് നട തുറന്നു.

ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും ചുമതല ഏറ്റെടുത്തു. ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവന്ന ഇരുവരേയും സ്ഥാനമൊഴിഞ്ഞ മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിച്ചു. തുടര്‍ന്ന് ഇ ഡി പ്രസാദ് നമ്പൂതിരിയെ തന്ത്രി കണ്ഠര് മഹേഷ് മോഹനര്, അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി മേല്‍ശാന്തിയായി അവരോധിക്കുകയും, അദ്ദേഹത്തെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തു. നട അടച്ച ശേഷം അയ്യപ്പന്റെ മൂലമന്ത്രം മേല്‍ശാന്തിയുടെ കര്‍ണങ്ങളിലേക്ക് തന്ത്രി പകര്‍ന്നു നല്‍കി. തുടര്‍ന്ന് മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ കലശാഭിഷേകം നടത്തി എംജി മനു നമ്പൂതിരിയെ മാളികപ്പുറം മേല്‍ശാന്തിയായി അവരോധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*