ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി മന്ത്രിയുടെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആഗോള അയപ്പസംഗമം, രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം എന്നിവയുടെ ഭാഗമായി ഇത്തവണ നേരത്തേതന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു.
നേരത്തേ രണ്ട് അവലോകന യോഗങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കിയിരുന്നു. ഈ വര്‍ഷം കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തിച്ചേരും എന്ന നിലയില്‍ വേണം ക്രമീകരണങ്ങള്‍ മുന്നോട്ടുകൊണ്ടു പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകര്‍ക്ക് അപ്പവും, അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാന്‍ വൃശ്ചികം ഒന്നിന് 50 ലക്ഷം മുതല്‍ 65 ലക്ഷം വരെ പായ്ക്ക് ബഫര്‍ സ്റ്റോക്ക് തയാറാക്കും. നിലവില്‍ 15 ലക്ഷം സ്റ്റോക്ക് ല്യമാക്കിയിട്ടുണ്ട്.
വിര്‍ച്വല്‍ ക്യൂ സംവിധാനത്തില്‍ ഇത്തവണയും കഴിഞ്ഞ വര്‍ഷത്തെ പോലെ എന്‍ട്രി പോയിന്റുകളില്‍ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ കാര്‍ഡിലൂടെയാണ് രജിസ്ട്രേഷന്‍ സൗകര്യമുണ്ടാകുക.
ശബരിമല തീര്‍ത്ഥാടനത്തിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി തീര്‍ത്ഥാടകര്‍ക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ ദേവസ്വം ബോര്‍ഡ് സജ്ജമാക്കും. കഴിഞ്ഞ വര്‍ഷം ആരംഭിച്ച തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ ഇത്തവണ കേരളം മുഴുവന്‍ ലഭ്യമാക്കുന്നതിനും തീരുമാനം എടുത്തിട്ടുണ്ട്. തീര്‍ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലാ ഭരണകൂടങ്ങളുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. സുരക്ഷിത തീര്‍ഥാടനം ഉറപ്പാക്കാന്‍ വിവിധ ഭാഷകളില്‍ അറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
തീര്‍ഥാടന പാതയിലെ അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റും. പമ്പയിലും, സന്നിധാനത്തും വനം വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം സ്ഥാപിക്കും. വന്യമൃഗ സാന്നിധ്യം അറിയുന്നതിന്റെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിക്കും. വൈല്‍ഡ് വാച്ച് എസ്.എം.എസ്. സംവിധാനം ഇത്തവണയും തുടരും. വാട്ടര്‍ അതോറിറ്റി ശുദ്ധജല ലഭ്യതയ്ക്ക് പ്രത്യേക കിയോസ്‌കുകള്‍ സ്ഥാപിക്കും. തീര്‍ഥാടന പാതയില്‍ പുതിയ ടാപ്പുകളും സജ്ജമാക്കും. ജലനിലവാരം ഉറപ്പാക്കുന്നതിനു പ്രത്യേക ജീവനക്കാരെ വിന്യസിച്ചു താത്കാലിക ലാബ് സ്ഥാപിക്കും. പമ്പയില്‍ ജലനിരപ്പ് സുരക്ഷിതമാക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ജലവിഭവ വകുപ്പ് ഒരുക്കും. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനു സ്‌നാനഘട്ടങ്ങളിലും കുളിക്കടവുകളിലും പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
അനധികൃത കച്ചടവം തടയാന്‍ നടപടിയെടുക്കും. കാനനപാതകളടക്കം തീര്‍ഥാടനപാതയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളും തുറന്നുകൊടുക്കുന്നതു മുന്‍നിര്‍ത്തി ഇവിടങ്ങളില്‍ ആവശ്യമായ താത്കാലിക ടോയിലെറ്റുകളും, വിരി ഷെഡ്ഡുകളും സ്ഥാപിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്കുള്ള സാഹചര്യമുള്ളതിനാല്‍ തീര്‍ഥാടകരുടെ സുരക്ഷയ്ക്കായി പ്രത്യേക ഹസാര്‍ഡ് മെഷര്‍മെന്റ് സ്റ്റഡി നടത്തി അപകട സാധ്യതാ മേഖലകളില്‍ പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.
തീര്‍ഥാടകര്‍ക്കായി സന്നിധാനം, അപ്പാച്ചിമേട്, നീലിമല, പമ്പ, നിലയ്ക്കല്‍ തുടങ്ങി പ്രധാന സ്ഥലങ്ങളിലെല്ലാം ആരോഗ്യ വകുപ്പിന്റെ 24 മണിക്കൂര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കും. 15 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍ തുറക്കും. ഇവിടേയ്ക്ക് ആവശ്യമായ മെഡിക്കല്‍ സംഘത്തെ വിന്യസിക്കുന്ന നടപടികള്‍ അവസാന ഘട്ടത്തിലാണ്. നിലയ്ക്കല്‍, സന്നിധാനം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി, പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സാസൗകര്യങ്ങളൊരുക്കും.
പമ്പ, അപ്പാച്ചിമേട്, സന്നിധാനം, പത്തനംതിട്ട ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ്, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ കാര്‍ഡിയോളജി ചികിത്സാസൗകര്യം ഏര്‍പ്പെടുത്തും.
പമ്പയിലേക്കുള്ള മുഴുവന്‍ റോഡുകളും സഞ്ചാരയോഗ്യമാക്കുന്നതിനു പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ നടപടികള്‍ പുരോഗമിക്കുകയാണ്. അഗ്നിശമന സേനയുടെ പ്രത്യേക സംഘം മണ്ഡല മകരവിളക്കു കാലത്ത് 24 മണിക്കൂറും സേവനത്തിലുണ്ടാകും. സ്‌കൂബ ഡൈവേഴ്‌സിന്റെ സേവനവും ലഭ്യമാക്കും. ലഹരി പദാര്‍ഥങ്ങള്‍ കര്‍ശനമായി തടയുന്നതിന് വനമേഖലയിലും, മറ്റിടങ്ങളിലും എക്‌സൈസ്, പൊലീസ്, ഫോറസ്റ്റ് എന്നിവരുടെ സംയുക്ത പരിശോധനയുണ്ടാകും.
ശബരിമല സീസണ്‍ പ്രമാണിച്ചു സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍നിന്നു കെ.എസ്ആര്‍.ടി.സി. സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. പത്തനംതിട്ടയിലും, സമീപ ജില്ലകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നു ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ശുചിമുറികള്‍ ഒരുക്കും. അജൈവ മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് ക്ലീന്‍ കേരള കമ്പനിയുടേയും, തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ പ്രത്യേക സൗകര്യമൊരുക്കും. പ്രത്യേക വേസ്റ്റ് കളക്ഷന്‍ ബിന്നുകള്‍ സ്ഥാപിക്കും. പമ്പയിലും, ശബരിമലയിലും ഓരോ മണിക്കുറിലും മാലിന്യ നീക്കത്തിനുള്ള സംവിധാനം സജ്ജമാക്കും.
ഇന്‍ഫര്‍മേഷന്‍ – പബ്ലിക റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക മീഡിയ സെന്റര്‍ മണ്ഡല, മകരവിളക്കുകാലത്ത് സന്നിധാനത്തു പ്രവര്‍ത്തിക്കും. തീര്‍ഥാടകര്‍ക്കായി മലയാളത്തിനു പുറമേ ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അറിപ്പുകളും, ബോധവത്കരണവും, ലഘു വിഡിയോകളും തയ്യാറാക്കും.
തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും ഇതിന് ഉന്നത ഉദ്യോഗസ്ഥര്‍ മുന്‍കൈ എടുക്കണമെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. വിവിധ വകുപ്പുകളുമായുള്ള പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് ഏകോപിപ്പിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ദര്‍ബാര്‍ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എ മാരായ പ്രമോദ് നാരായണന്‍, കെ.യു ജനീഷ് കുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് മെംമ്പര്‍ പി.ഡി സന്തോഷ്, ദേവസ്വം സെക്രട്ടറി എം.ജി രാജമാണിക്യം, എ.ഡി.ജി.പി എസ്. ശ്രീജിത്ത്, തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം, ദക്ഷിണ മേഖല ഐ.ജി ശ്യംസുന്ദര്‍, ശബരിമല എ.ഡി.എം അരുണ്‍ എസ് നായര്‍, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശസ്വയംഭരണ സ്ഥാപന പ്രസിഡന്റുമാര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പോലീസ് സൂപ്രണ്ടുമാര്‍, വനം, ട്രാന്‍സ്പോര്‍ട്ട്, വാട്ടര്‍അതോറിറ്റി, ഫയര്‍ & റസ്‌ക്യൂ, തുടങ്ങി വിവിധ വകുപ്പുമേധാവികളും യോഗത്തില്‍ പങ്കെടുത്തു.



Be the first to comment