
ചിങ്ങമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകർന്നു. ഉച്ചമുതൽ പെയ്യുന്ന കനത്ത മഴയെയും അവഗണിച്ച് ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ വണങ്ങാൻ കാത്തു നിന്നത്.
ചിങ്ങമാസം ഒന്നാം തീയതിയായ നാളെ രാവിലെ അഞ്ചുമണിക്ക് നട തുറക്കും. രാവിലെ 7. 30ന് ശബരിമല ഉൾക്കഴകം ( കീഴ്ശാന്തി) തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും. ശ്രീകോവിനു മുന്നിലാണ് ഞറുക്കെടുപ്പ്.
പമ്പ ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള ഞറുക്കെടുപ്പ് നാളെ രാവിലെ പമ്പയിലും നടക്കും. നാളെ മുതൽ എല്ലാ ദിവസവും വൈകുന്നേരം 6. 30ന് പതിനെട്ടാം പടിയിൽ പടിപൂജ നടക്കും. ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി പത്തിന് ശബരിമല നട അടയ്ക്കും.
Be the first to comment