സ്ഥിരം മരുന്നുകള്‍ നിര്‍ത്തരുത്, ദിവസങ്ങള്‍ക്ക് മുന്‍പേ വ്യായാമം തുടങ്ങുക, ലഘു ഭക്ഷണം മാത്രം; ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്രയില്‍ ഈ സീസണില്‍ ഇതുവരെ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലകയറ്റത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തീര്‍ത്ഥാടകരുടെ മരണങ്ങള്‍ ഏറെയും. വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാണെങ്കിലും ആയാസകരമായ യാത്രയില്‍ ഭക്തര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തില്‍ കയറുന്നത് ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ മല കയറുന്നവര്‍ അവരുടെ ആരോഗ്യം മനസിലാക്കി ശ്രദ്ധയോടെ ഓരോ ചുവടുംവെയ്ക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ശബരിമല തീര്‍ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ്

സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത്

മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം

മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ്

സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക

മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച, നെഞ്ചുവേദന, ശ്വാസതടസം എന്നിവ ഉണ്ടായാല്‍ മല കയറുന്നത് നിര്‍ത്തി എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

പഴങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കുക

പഴകിയതോ തുറന്നുവച്ചതോ ആയ ആഹാരം കഴിക്കരുത്

മലമൂത്രവിസര്‍ജ്ജനം തുറസായ സ്ഥലങ്ങളില്‍ നടത്തരുത്. ശൗചാലയങ്ങള്‍ ഉപയോഗിക്കുക. ശേഷം കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക

മാലിന്യങ്ങള്‍ വലിച്ചെറിയരുത്. അവ വേസ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക

പാമ്പുകടിയേറ്റാല്‍ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക. പാമ്പ് വിഷത്തിനെതിരെയുള്ള മരുന്ന് ആശുപത്രികളില്‍ ലഭ്യമാണ്.

ശബരിമലയിലും യാത്രാ വഴികളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയും എമര്‍ജന്‍സി മെഡിക്കല്‍ യൂണിറ്റുകളും അടക്കം സജീകരിച്ചിട്ടുണ്ട്.

ലഘു ഭക്ഷണം കഴിച്ച് മാത്രം മല കയറണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കണം.

 

Be the first to comment

Leave a Reply

Your email address will not be published.


*