സന്നിധാനം നിറഞ്ഞു തീർത്ഥാടകർ. ശബരിമലയിൽ വൻ തീർത്ഥാടന തിരക്ക്. ഇന്ന് വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തിട്ടുള്ളത് എഴുപതിനായിരം ഭക്തർ. ഇന്നലെ ഒരു ദിവസം മാത്രം ദർശനം നടത്തിയത് 55,000 നു മുകളിൽ തീർത്ഥാടകർ എന്ന് കണക്ക്. ഇന്നലെ നട തുറന്ന് രണ്ട് മണിക്കൂറിനുള്ളിൽ നിലയ്ക്കലിലെ പാർക്കിങ് ഗ്രൗണ്ടുകൾ നിറഞ്ഞു. സന്നിധാനത്ത് നല്ല തിരക്കാണ് ഇന്നും.
പുലർച്ചെ മൂന്ന് മണിക്കു നട തുറന്നപ്പോൾ ദർശനത്തിനായി അയ്യപ്പ ഭക്തരുടെ നീണ്ട നിര വലിയ നടപ്പന്തലിലും സോപാനത്തും ഇടംപിടിച്ചിരുന്നു. നട തുറന്നതിനുശേഷം നിർമ്മാല്യ അഭിഷേകം, ഗണപതിഹോമം, നെയ്യഭിഷേകം എന്നിവയും നടന്നു. നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് ഹരിവരാസനം പാടി അടക്കുകയും ചെയ്യും.
ഇന്ന് വൃശ്ചികപുലരിയിൽ പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. സന്നിധാനത്തേയ്ക്കുള്ള കാനന പാതകൾ ഇന്നു തുറക്കും. എരുമേലിയിൽ നിന്ന് അഴുത, കരിമല വഴിയും വണ്ടിപ്പെരിയാർ സത്രത്തിൽ നിന്ന് പുല്ലുമേട് വഴിയുമുള്ള പാതകളാണ് തീർഥാടകർക്കായി ഇന്നു തുറക്കുക.
പുല്ലുമേട് വഴി രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് തീർഥാടകരെ കടത്തിവിടുന്നത്. ഇന്നുമുതൽ ഡിസംബർ 27 വരെയാണ് ശബരിമല മണ്ഡല ഉത്സവ കാലം. ഡിസംബർ 27ന് അടക്കുന്ന നട മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് തുറക്കും. 2025 ജനുവരി 14 നാണ് മകരവിളക്ക്.



Be the first to comment