കൊച്ചി: ശബരിമലയിൽ ഭക്തർക്ക് വിതരണം ചെയ്യുന്ന ‘ആടിയ നെയ്യ്’ വിൽപനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് നടന്നതായി വിജിലൻസ്. വെറും ഒന്നര മാസത്തിനിടെ 21.39 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നുവെന്നാണ് വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ ക്ഷേത്രത്തിലെ സ്പെഷ്യൽ ഓഫീസർമാരടക്കം 33 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നെയ്യഭിഷേകം കഴിഞ്ഞുള്ള നെയ്യ് 100 മില്ലി പാക്കറ്റുകളിലാക്കി 100 രൂപ നിരക്കിലാണ് ഭക്തർക്ക് നൽകുന്നത്. ഇത്തരത്തിൽ വിറ്റ 13,679 പാക്കറ്റ് നെയ്യുടെ പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ലെന്ന് വിജിലൻസ് കണ്ടെത്തി. സ്റ്റോക്ക് കൃത്യമായി പരിശോധിക്കാത്തതും വിൽപനയിൽ ശരിയായ അക്കൗണ്ടിംഗ് രീതികൾ പിന്തുടരാത്തതുമാണ് ഇത്രയും വലിയ തട്ടിപ്പിന് കളമൊരുക്കിയത്. ടെമ്പിൾ സ്പെഷ്യൽ ഓഫീസർമാർ ഏറ്റുവാങ്ങുന്ന നെയ്യ് പാക്കറ്റുകൾ കൗണ്ടറുകളിലേക്ക് നൽകുമ്പോഴാണ് ക്രമക്കേട് നടന്നിരിക്കുന്നത്.
കേസ് പരിഗണിച്ച ഹൈക്കോടതി തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിച്ചത്. ഒരു ചെറിയ കടയിൽ പോലും പാലിക്കുന്ന കൃത്യത ശബരിമലയിലെ അക്കൗണ്ടിംഗിൽ ഉണ്ടായില്ലെന്ന് കോടതി നിരീക്ഷിച്ചു. ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ ഭരണ-സാമ്പത്തിക വീഴ്ചകളാണ് ഉണ്ടായതെന്നും കോടതി കുറ്റപ്പെടുത്തി.എസ്പി മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.



Be the first to comment