ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പഴിച്ച് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ മൊഴി. പാളികൾ പുതുക്കണമെന്നു ദേവസ്വം ബോർഡിൽ പറഞ്ഞത് പത്മകുമാറാണ്. സർക്കാരിന് ഇനിയും നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കീഴടങ്ങിയതെന്നും എൻ വിജയകുമാർ മൊഴി നൽകി.
കാര്യങ്ങൾ എല്ലാം അറിയാവുന്നത് എ പത്മകുമാറിനാണെന്നും സഖാവ് പറഞ്ഞപ്പോൾ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും എൻ വിജയകുമാറിന്റെ മൊഴി. വായിച്ചു നോക്കാതെ ഒപ്പിടുകയാണ് ചെയ്തതെന്ന് എൻ വിജയകുമാർ എസ്ഐടിയ്ക്ക് നൽകിയ മൊഴിയിൽ പറയുന്നു. അതേസമയം വിജയകുമാറിന്റെ മൊഴി പൂർണമായി അന്വേഷണം സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ജുഡിഷ്യൽ റിമാൻഡിൽ തുടരുന്ന വിജയകുമാറിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് എൻ.വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ ദേവസ്വം മാന്വൽ തിരുത്തി. മാന്വൽ തിരുത്തിയതിൽ പത്മകുമാറിനും എൻ.വിജയകുമാറിനും കെ.പി ശങ്കരദാസിനും പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മിനിറ്റ്സിലെ തിരുത്തൽ പത്മകുമാർ രണ്ടുപേരെയും അറിയിച്ചു. മൂവരും അറിഞ്ഞുകൊണ്ടാണ് പാളികൾ പോറ്റിക്ക് കൊടുത്തുവിട്ടതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തിക ലാഭം ആഗ്രഹിച്ച് ഇരുവരും പത്മകുമാറിന് കൂട്ടുനിന്നെന്നും എസ്ഐടി.



Be the first to comment