ശബരിമല സ്വർണ്ണക്കൊള്ള: കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്ത് എസ്‌ഐടി

ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തു. ശനിയാഴ്ചയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. പ്രാഥമിക വിവര ശേഖരണത്തിന്റെ ഭാ​ഗമായാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിനെയും എസ്‌ഐടി ചോദ്യം ചെയ്തു.

ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കൂടി വേണ്ടിയിട്ടാണ് കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തത്. എസ്‌ഐടി അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുന്ന സമയത്താണ് കടകംപള്ളിയെയും പിഎസ് പ്രശാന്തിനെയും ചോദ്യം ചെയ്തിരിക്കുന്നത്. 2024ൽ സ്വർണ്ണപ്പാളികൾ പുറത്തേക്ക് കൊണ്ടുപോകാൻ നീക്കം നടന്നിരുന്നു. ഈ ഘട്ടത്തിലാണ് സ്വർണ്ണപ്പാളി കൊള്ള സംബന്ധിച്ച വിവരങ്ങൾ പുറത്തേക്ക് വരുന്നത്.

അതേസമയം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. ഉണ്ണികൃഷ്ണൻ പോറ്റി , ഗോവർദ്ധൻ, ഭണ്ഡാരി എന്നിവർക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകി. ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഗുരുതര വീഴ്ചയെന്ന് ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ റിമാൻഡ് റിപ്പോർട്ട്.

ഉണ്ണികൃഷ്ണൻ പോറ്റിയെ അതിരുവിട്ട് സഹായിക്കാൻ എ പത്മകുമാറിന്റെ നേതൃത്വത്തിൽ ദേവസ്വം മാന്വൽ തിരുത്തി. സാമ്പത്തിക ലാഭം ആഗ്രഹിച്ചാണ് മുൻ ബോർഡ് അംഗങ്ങളായ എൻ വിജയകുമാറും കെ പി ശങ്കരദാസും എപത്മകുമാറിന് കൂട്ടുനിന്നതെന്നും എസ്ഐടി വ്യക്തമാക്കി. പാളികൾ പുതുക്കണമെന്ന് ദേവസ്വം ബോർഡിൽ പറഞ്ഞത് എ പത്മകുമാർ എന്നാണ് എൻ വിജയകുമാറിന്റെ മൊഴി.

Be the first to comment

Leave a Reply

Your email address will not be published.


*