ശബരിമല സ്വർണ്ണപ്പാളി കൊള്ള പാർലമെന്റിലും ഉന്നയിക്കേണ്ട പ്രധാനപ്പെട്ട വിഷയം തന്നെയാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ശബരിമല ഭക്തർ കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. ഹൈക്കോടതി ആവർത്തിച്ചു പറഞ്ഞു ശബരിമല കൊള്ളയിൽ ഉന്നതന്മാർ ഇനിയും പെട്ടിട്ടുണ്ട്. പക്ഷേ അന്വേഷണസംഘം ഉന്നതന്മാരിലേക്ക് എത്തുന്നില്ല അന്വേഷണസംഘത്തിന് മുകളിൽ സർക്കാരിന്റെ നിയന്ത്രണമുണ്ടെന്ന് സണ്ണി ജോസഫ് ആരോപിച്ചു.
ശബരിമല വിവാദം പ്രതീക്ഷിച്ചതിൽ കൂടുതൽ തിരിച്ചടിച്ചു എന്ന സിപിഐയുടെ പ്രതികരണത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. വൈകിയാണെങ്കിലും അത്തരം കാര്യങ്ങൾ സിപിഐ പറഞ്ഞത് നല്ല കാര്യമാണെന്ന് അദേഹം പറഞ്ഞു. ശബരിമല സ്വർണക്കൊള്ള വിഷയം പാർലമെന്റിൽ സജീവ ചർച്ചയാക്കാൻ യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി യുഡിഎഫ് എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധിക്കും.
ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പാർലമെന്റ് കവാടത്തിനു മുന്നിൽ പ്രതിഷേധിക്കുക. കോടതി മേൽനോട്ടത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കേസിൽ സമഗ്രമായ അന്വേഷണം വേണം. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത് ആന്റോ ആന്റണി പറഞ്ഞു.



Be the first to comment