ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. പത്മകുമാറിനൊപ്പം ചോദ്യം ചെയ്യാൻ മുൻ ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസിനെയും, എൻ വിജയകുമാറിനെയും വിളിച്ചുവരുത്തും. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നൽകിയെന്ന് എ പത്മകുമാർ മൊഴി നൽകിയെന്നാണ് വിവരം.
എ പദ്മകുമാറിനെ കൂടുതൽ ചോദ്യം ചെയ്താൽ അന്വേഷണം സുപ്രധാനമായ വഴിത്തിരിവിലേക്കെത്തുമെന്നാണ് എസ്ഐടിയുടെ കണക്കുകൂട്ടൽ. പദ്മകുമാറിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ തെളിവുകൾ ലഭിച്ചിരുന്നു. ഇതോടെ പദ്മകുമാറിന്റെയും എൻ വാസുവിന്റെയും വിദേശ ഇടപാടുകളേക്കുറിച്ച് അന്വേഷിക്കുകയാണ് എസ്ഐടി. ഇതിനായി. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം പത്മകുമാറും എൻ വാസുവും വിദേശയാത്ര നടത്തിയോ എന്നും എസ്ഐടി സംശയിക്കുന്നുണ്ട്. ഇരുവരുടേയും പാസ്പോർട്ട് എസ്ഐടി പിടിച്ചെടുത്തിട്ടുണ്ട്.
താൻ പ്രസിഡന്റ് ആകുന്നതിനു മുൻപ് തന്നെ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനം ഉണ്ടെന്നാണ് പത്മകുമാറിന്റെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തുന്ന കത്ത് അന്നത്തെ ദേവസ്വം മന്ത്രിയാണ് തനിക്ക് നൽകിയതെന്നും പത്മകുമാർ മൊഴി നൽകിയെതായാണ് വിവരം. ഇതിൽ പത്മകുമാർ എന്തെങ്കിലും തെളിവ് നൽകുമോ എന്നതാണ് നിർണായകും. 2019ലെ ബോർഡ് അംഗങ്ങളുടെ അറസ്റ്റ് രേഖപ്പെടുത്ത് കേസിൽ മാപ്പുസാക്ഷിയാക്കാനാണ് എസ്ഐടി ആലോചിക്കുന്നത്.
ഇവരെ മാപ്പു സാക്ഷിയാക്കിയാൽ കേസിൽ പദ്മകുമാറിനെതിരായ തെളിവ് ശക്തമാക്കാൻ കഴിയും. അതേസമയം റിമാൻഡിലുള്ള എൻ.വാസുവിന്റെയും സുധീഷ് കുമാറിന്റെയും ജാമ്യ അപേക്ഷയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ തട്ടിപ്പിനിരയായ നടൻ ജയറാമിന്റെ മൊഴി ഉടൻ രേഖപ്പെടുത്താനാണ് എസ്ഐടിയുടെ തീരുമാനം. പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ പത്മകുമാറിനെതിരെ പാർട്ടിയും വൈകാതെ കടുത്ത നടപടി എടുത്തേക്കും.



Be the first to comment