ശബരിമല സ്വർണക്കൊള്ള: മുൻ എക്സിക്യൂട്ടീവ് ഓഫീസർ റിമാൻഡിൽ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ റിമാൻഡിൽ. 14 ദിവസത്തെക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ട് ആണ് കേസ് പരിഗണിച്ചത്. രണ്ട് കേസുകളിലും അറസ്റ്റ് രേഖപ്പെടുത്തി. കട്ടിളപ്പാളി, സ്വർണ്ണപ്പാളി കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വൈകിട്ടായിരുന്നു സുധീഷ് കുമാറിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ശേഷം കേസിൽ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. 2019-ൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക ശിൽപങ്ങൾ കൈമാറുന്ന സമയത്ത് സുധീഷ് കുമാറായിരുന്നു ശബരിമല എക്സ്ക്യൂട്ടീവ് ഓഫീസർ. ദ്വാരപാലകരുടെ ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളിൽ അത് ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

മഹസറിൽ കൃത്രിമം കാട്ടുകയും ചെയ്തുകൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം തട്ടിയെടുക്കാൻ സുധീഷ് കുമാർ അവസരം നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സ്വർണ്ണം പൊതിഞ്ഞവയാണ് പാളികളെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും, അത് ഇളക്കി മാറ്റിയ സമയത്തും രേഖകളിൽ സുധീഷ് ‘ചെമ്പ്’ എന്ന് തന്നെയാണ് രേഖപ്പെടുത്തിയത്. പാളികൾ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണൻ പോറ്റിയല്ലായിരുന്നിട്ടും, മഹസറിൽ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേർത്തതും സുധീഷ് കുമാറാണെന്നതിനും തെളിവ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തു​കയും ചെയ്തത്.

ഉണ്ണികൃഷ്ണൻ പോറ്റിയെ സ്പോൺസറായി അംഗീകരിക്കുന്നതിനുള്ള ശുപാർശ സുധീഷ് ദേവസ്വം ബോർഡിന് സമർപ്പിച്ചതിലും ഗൂഡാലോചനയുണ്ടെന്നാണ് എസ് ഐ ടി യു ടെ നിഗമനം. സ്വർണം മോഷ്ടിക്കാൻ മുരാരി ബാബുവിനൊപ്പം ചേർന്ന് ഇദ്ദേഹം സഹായം ചെയ്തെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

Be the first to comment

Leave a Reply

Your email address will not be published.


*