
ശബരിമലയിലെ സ്വര്‍ണപ്പാളിയിലെ തൂക്ക കുറവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ ദേവസ്വം ബോർഡിനെ പ്രതിരോധത്തിലാക്കി. ശബരിമലയെ ലോകത്തിന് പരിചയപ്പെടുത്താനെന്ന പേരില്‍ ഒരു ഭാഗത്ത് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുമ്പോഴാണ് ശബരിമലയില്‍ സ്വര്‍ണവിവാദം ചൂടുപിടിക്കുന്നത്. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിമാറ്റിയതുമായി ബന്ധപ്പെട്ട് ആരംഭിച്ച വിവാദം തൂക്ക കുറവ് കണ്ടെത്തിയതോടെ കൂടുതല്‍ സങ്കീര്‍ണമാവുകയാണ്.
ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുപോകുമ്പോള്‍ മതിയായ അനുമതി തേടിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ആദ്യനിരീക്ഷണം. ഇതോടെയാണ് സ്വര്‍ണപ്പാളിയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ വിവാദമാവുന്നത്. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഉടന്‍ സ്വര്‍ണപ്പാളികള്‍ തിരിച്ചെത്തിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
സ്വര്‍ണപ്പാളികള്‍ അറ്റക്കുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്വര്‍ണപ്പാളികള്‍ ഉടന്‍ ശബരിമലയില്‍ എത്തിക്കണമെന്ന കോടതി ഉത്തരവില്‍ സാങ്കേതിക ന്യായീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രംഗത്തുവന്നു. ചെന്നൈയില്‍ അറ്റകുറ്റപ്പണികളുടെ ഭാഗമായി എത്തിച്ച സ്വര്‍ണപ്പാളികള്‍ സ്വര്‍ണം പൂശുന്ന രാസപ്രക്രിയയായ ഇലട്രോപ്ലേറ്റിംഗ് നടന്നുകൊണ്ടിരിക്കയാണെന്നാണ് ദേവസ്വം ബോര്‍ഡ് കോടതിയെ അറിയിച്ചത്.
തുടര്‍ന്നാണ് സ്വര്‍ണപ്പാളിയുടെ ഭാരവുമായി ബന്ധപ്പെട്ടുണ്ടായ സംശയം ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കിയത്. 2019 ല്‍ ദ്വാരപാലക ശിൽപ്പം സ്വര്‍ണം പൂശാനായി കൊണ്ടു പോകുമ്പോള്‍ 42 കിലോ ഭാരമുണ്ടായിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. തിരികെ കൊണ്ടുവന്നപ്പോള്‍ നാല് കിലോഭാരം കുറഞ്ഞു. ഇതെങ്ങിനെ സംഭവിച്ചുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ഇതില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പെട്രോളാണെങ്കില്‍ കുറവുവരാം, സ്വര്‍ണം എങ്ങിനെ ചെന്നൈയില്‍ കൊണ്ടുപോയി തിരികെ എത്തിച്ചപ്പോള്‍ കുറവുവന്നു എന്നായിരുന്നു കോടതി സംശയം പ്രകടിപ്പിച്ചത്.
മാത്രമല്ല, 1999 ല്‍ സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പത്തില്‍ 2019 ല്‍ സ്വര്‍ണം പൂശിയത് എന്തിനെന്ന സംശയവും ബലപ്പെടുകയാണ്. ദ്വാരപാലക താങ്ങു പീഠത്തിന്റെ അളവിലുണ്ടായ വ്യത്യാസം കാരണം അത് ഉപയോഗിച്ചില്ലെന്നാണ് പറയപ്പെടുന്നത്. ഉപയോഗിക്കാത്ത സ്വര്‍ണപീഠം എന്തു ചെയ്തെന്നാണ് വിജിലന്‍സിനോട് അന്വേഷിക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
ദ്വാരപാലക ശില്പ്പത്തിൻ്റെ താങ്ങുപീഠം പിന്നീട് കണ്ടിട്ടില്ലെന്ന സ്പോണ്‍സറുടെ പ്രതികരണവും ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കുന്നതാണ്. കോടതി നിലപാട് ശക്തമാക്കിയതോടെ ദേവസ്വം ബോര്‍ഡ് പ്രതിരോധത്തിലാണ്. ബെംഗളൂരു മലയാളിയായ ഉണ്ണികൃഷ്ണന് എന്ന ഭക്തന് സമര്‍പ്പിച്ച താങ്ങുപീഠം എവിടെപോയെന്ന ചോദ്യത്തിന് ദേവസ്വം പ്രസിഡന്റും അംഗങ്ങളും ഉത്തരം പറയേണ്ടിവരും. തൻ്റെ കൈകള്‍ ശുദ്ധമാണെന്നും, ഭക്തര്‍ ശബരിമലയില്‍ എന്തെങ്കിലും സമര്‍പ്പിക്കാന്‍ ഭയപ്പെടുകയാണെന്നുമാണ് ദേവസ്വം പ്രസിഡന്റിൻ്റെ പ്രതികരണം. ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാരും ദേവസ്വം ബോര്‍ഡും അയ്യപ്പഭക്തരുടെ വിശ്വാസം ആര്‍ജിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തവേയാണ് ശബരിമലയും സ്വര്‍ണപ്പാളി വിവാദവും ദേവസ്വം ബോര്‍ഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മുന്‍ ദേവസ്വം പ്രസിഡന്റായ എം പത്മകുമാറും, ദ്വാരപാലക ശില്പം അറ്റകുറ്റപ്പണികള്‍ക്കായി ചെന്നൈയിലേക്ക് അയച്ച നിലവിലത്തെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് എന്നിവര്‍ വിവാദങ്ങളില്‍ വ്യക്തത വരുത്തേണ്ടിവരും.
Be the first to comment