കർക്കിടക മാസ പൂജ; ശബരിമല നട നാളെ തുറക്കും, എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പൂജ

പത്തനംതിട്ട: കർക്കിടകമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നടതുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നിപകരും.

കർക്കിടക മാസം ഒന്നാം തീയതി രാവിലെ അഞ്ചുമണിക്കാണ് ദർശനത്തിനായി നട തുറക്കുന്നത്. കർക്കിടക മാസം ഒന്നാം തീയതി മുതൽ എല്ലാ ദിവസവും പതിനെട്ടാം പടിയിൽ പടിപൂജ ഉണ്ടായിരിക്കും. ഭക്തർക്ക് സുഖകരവും സൗകര്യപ്രദവുമായ ദർശനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും ചേർന്നു എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21ന് രാത്രി 10 മണിക്ക് നട അടയ്ക്കും. നിറപുത്തരിക്കായി ജൂലൈ മാസം 29ന് ശബരിമല നട തുറക്കും. ജൂലൈ 30നാണ് നിറപുത്തരി.

അതേസമയം, രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് ശബരിമലയിലെ പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠ പൂർത്തിയായിരുന്നു. പകൽ 11.02ന് കന്നിരാശി മുഹൂർത്തത്തിലാണ് പ്രതിഷ്‌ഠാ ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ കലശമണ്ഡപത്തിൽ ശയ്യയിൽ ഉഷപൂജ നടന്നു. മരപ്പാണി, മുഹൂർത്തം എന്നീ ചടങ്ങുകൾക്ക് ശേഷമായിരുന്നു വിഗ്രഹ പ്രതിഷ്‌ഠ.

തുടർന്ന് നവഗ്രഹ ക്ഷേത്രത്തിൻ്റെ താഴികകുടം പ്രതിഷ്‌ഠിച്ചു. ശേഷം അഷ്‌ടബന്ധ ലേപനവും ബ്രഹ്മ കലശാഭിഷേകവും കുംഭാഭിഷേകവും നടന്നു. പ്രസന്ന പൂജയും ദീപാരാധനയോടും കൂടിയാണ് പ്രതിഷ്‌ഠാ ചടങ്ങുകൾ അവസാനിച്ചത്. തന്ത്രി കണ്‌ഠരര് രാജീവര് പ്രതിഷ്‌ഠാ ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. ആയിരങ്ങളാണ് പ്രതിഷ്‌ഠാ ചടങ്ങുകൾ കണ്ടുവണങ്ങാൻ സന്നിധാനത്ത് എത്തിയത്.

പുതിയ നവഗ്രഹ ശ്രീകോവിൽ പ്രതിഷ്‌ഠയോടനുബന്ധിച്ചുള്ള പൂജകൾക്കായി പതിനൊന്നാം തീയതിയാണ് ശബരിമല നട തുറന്നത്. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്‌ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിൽ ദീപം തെളിയിച്ചു. തുടർന്ന് പതിനെട്ടാം പടിയ്ക്ക് താഴെ ആഴിയിൽ അഗ്നി പകർന്നശേഷം പതിവു പൂജകള്‍ നടന്നു.

Be the first to comment

Leave a Reply

Your email address will not be published.


*