തങ്ക അങ്കി രഥഘോഷയാത്ര ഇന്ന് സന്നിധാനത്ത് എത്തും

പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ഇന്ന് (ഡിസംബർ 26) വൈകിട്ട് ശബരിമല സന്നിധാനത്ത് എത്തും. വൈകിട്ട് തങ്ക അങ്കി ചാർത്തി ദീപാരാധന നടക്കും. നാളെയാണ് (ഡിസംബർ 27) തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ.

രാവിലെ 10.10 നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ഈ വർഷത്തെ മണ്ഡലപൂജ. നാളെ രാത്രി 11.00 മണിക്ക് ഹരിവരാസനത്തിനുശേഷം അടയ്ക്കുന്ന ശബരിമല നട മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30 നായിരിക്കും തുറക്കുക.

തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചതാണ് തങ്ക അങ്കി. ചൊവ്വാഴ്‌ച (ഡിസംബർ 23) രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്.

ഇന്ന് രാവിലെ എട്ടിന് പെരുനാട് ശാസ്‌താക്ഷേത്രത്തിൽ നിന്ന് പുനരാരംഭിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഒൻപതിന് ളാഹ സത്രം, 10 ന് പ്ലാപ്പള്ളി, 11 ന് നിലയ്ക്കൽ ക്ഷേത്രം, ഉച്ചയ്ക്ക് ഒന്നിന് ചാലക്കയം എന്നിവിടങ്ങളിലെത്തും.

ഉച്ചയ്ക്കു 1.30 ന് പമ്പയിലെത്തി വിശ്രമിച്ച ശേഷം ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെനിന്ന് ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങും. അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30 ന് ദീപാരാധന നടക്കും.

വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നവയിൽ നിയന്ത്രണം

മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ, സ്‌പോട്ട് ബുക്കിങ് എന്നവയിൽ നിയന്ത്രണം. തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ഇന്ന് (ഡിസംബർ 26) 30000 പേരെയും മണ്ഡലപൂജ നടക്കുന്ന നാളെ (ഡിസംബർ 27) 35000 പേരെയും മാത്രമാണ് വെർച്വൽ ക്യൂ വഴി അനുവദിക്കുക

അതേസമയം ഈ രണ്ട് ദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ്ങ് 2000 ആക്കി കുറച്ചിട്ടുണ്ട്. ഇന്ന് രാവലെ 9 മണിക്ക് ശേഷം നിലയ്‌ക്കൽ നിന്നും 10 മണിക്ക് ശേഷം പമ്പയിൽ നിന്നും ഭക്തരെ സന്നിധാനത്തേക്കു കടത്തി വിടില്ല.

ഘോഷയാത്ര ശരംകുത്തിയിലെത്തിയ ശേഷം മാത്രമായിരിക്കും ഭക്തരെ പമ്പയിൽ നിന്നും നിലയ്‌ക്കൽ നിന്നും കടത്തിവിടുന്നത് പനരാരംഭിക്കുക.മണ്ഡല പൂജയോടനുബന്ധിച്ച് ശബരിമലയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*