ശബരിമല യുവതീപ്രവേശനം; പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും

ശബരിമല യുവതീപ്രവേശനത്തിലെ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാകും ഹര്‍ജികള്‍ പരിഗണിക്കുക. ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതില്‍ തീരുമാനമുണ്ടായേക്കും.

ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശബരിമല യുവതി പ്രവേശനമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത്. മതാചാരങ്ങളും വ്യക്തി സ്വാതന്ത്ര്യവും സംബന്ധിച്ച ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുക. യുവതീ പ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിക്കെതിരെ പുനഃപരിശോധനയടക്കം 67 ഹര്‍ജികളാണ് നിലവില്‍ സുപ്രീംകോടതിയില്‍ ഉള്ളത്.

2019-ല്‍ കേസ് ഒമ്പതംഗ ബെഞ്ച് പരിഗണിച്ചപ്പോള്‍ ഉണ്ടായിരുന്ന ജഡ്ജിമാരില്‍ അവശേഷിക്കുന്ന ഏകയാളാണ് ഇന്നത്തെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഒന്‍പതംഗ ബെഞ്ച് കേസില്‍ എന്ന് മുതല്‍ വാദം തുടങ്ങുമെന്ന കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നിന്നുണ്ടായേക്കും.

ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് നിലപാട് സുപ്രീംകോടതിയില്‍ അറിയിക്കേണ്ടി വരും.യുവതീ പ്രവേശനത്തിന് അനുകൂലമാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലവിലെ നിലപാട്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്‍പ് ഹര്‍ജികളില്‍ വാദം കേള്‍ക്കുമോ എന്നതും പ്രധാനമാണ്.

Be the first to comment

Leave a Reply

Your email address will not be published.


*