
വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സുപ്രീംകോടതി വിധി ആശ്വാസകരമെന്ന് അദ്ദേഹം പ്രസ്താവനയിലൂടെ പറഞ്ഞു.
ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും പ്രതിപക്ഷ കക്ഷികളും പ്രകടിപ്പിച്ച ആശങ്കകളിൽ കഴമ്പുണ്ടെന്ന് സുപ്രീംകോടതിക്ക് ബോധ്യമായിരിക്കുകയാണ്. വഖഫ് ചെയ്യുന്ന വ്യക്തി അഞ്ച് വർഷം ഇസ്ലാം മതം ആചരിക്കുന്നതായി തെളിഞ്ഞില്ലെങ്കിൽ വഖഫ് അസാധുവാകുമെന്ന നിയമം അധികാര ദുർവിനിയോഗത്തിന് കാരണമാകുമെന്നാണ് അർത്ഥശങ്കക്കിടയില്ലാത്ത വിധം സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമ ഭേദഗതിയിലെ വിചിത്രമായ ഈ നിയമം തന്നെ സുപ്രീംകോടതി സ്റ്റേ ചെയ്തു.
വഖഫ് സ്വത്തുക്കളുടെ റവന്യൂ രേഖകളിൽ അവകാശങ്ങൾ നിർണ്ണയിക്കാൻ കളക്ടറെ അനുവദിക്കുന്നത് സ്റ്റേ ചെയ്തതും വലിയൊരു നേട്ടമാണ്. വഖഫ് ബോർഡ് എക്സ്-ഒഫീഷ്യോ ഓഫീസർ മുസ്ലിം സമുദായത്തിൽ നിന്നുള്ളയാളായിരിക്കണമെന്നും വഖഫ് ബോർഡുകളിലെ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിക്കുന്നുണ്ട്. ഇതെല്ലാം മുസ്‌ലിംലീഗ് ഹർജിയിൽ ഉന്നയിച്ച സുപ്രധാന കാര്യങ്ങൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെ നോക്കുകുത്തിയാക്കിയാണ് സർക്കാർ ഈ വിഷയത്തിൽ നിയമം പാസ്സാക്കിയത്. മുസ്ലിംലീഗ് പ്രതിപക്ഷ കക്ഷികളോടൊപ്പം നിയമ പോരാട്ടവും രാഷ്ട്രീയ പോരാട്ടവും തുടരുമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.
വഖഫ് നിയമ ഭേദഗതിയിൽ കേന്ദ്ര സർക്കാരിന് തിരിച്ചടി നൽകിക്കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിവാദ വകുപ്പുകൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിറക്കിയത്. വഖഫ് നിർണയിക്കാൻ ജില്ലാ കളക്ടർമാർക്ക് അധികാരമില്ല. അഞ്ചുവർഷ വിശ്വാസ പരിധിയും സ്റ്റേ ചെയ്തു. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോർഡുകളിൽ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലിൽ കൂടരുത്. സംസ്ഥാന ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം മൂന്നിൽ കൂടരുതെന്നും കോടതി വ്യക്തമാക്കി.
സർക്കാർ ഭൂമി കൈയേറി വഖഫിലേക്ക് മാറ്റിയിട്ടുണ്ടോ എന്ന തർക്കം തീർപ്പാക്കാൻ സർക്കാരിൻ്റെ നിയുക്ത ഉദ്യോഗസ്ഥനെ അനുവദിക്കുന്ന വ്യവസ്ഥയിലാണ് മറ്റൊരു ഇടപെടൽ. ഒരു എക്‌സിക്യൂട്ടീവ് ഉദ്യോഗസ്ഥന് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളിൽ തീർപ്പ് കൽപ്പിക്കാൻ അനുവാദം നൽകാനാവില്ലെന്നും ഇത് അധികാര വിഭജനത്തിൻ്റെ ലംഘനമാകുമെന്നും നിരീക്ഷിച്ചുകൊണാണ് കോടതി ഇത് സ്റ്റേ ചെയ്തിരിക്കുന്നത്. തങ്ങളുടെ നിരീക്ഷണങ്ങൾ പ്രഥമദൃഷ്ട്യാ മാത്രമുള്ളതാണെന്നും നിയമത്തിൻ്റെ സാധുതയെ ചോദ്യം ചെയ്ത് കക്ഷികൾക്ക് കൂടുതൽ വാദങ്ങൾ ഉന്നയിക്കുന്നതിന് ഇത് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വഖഫ് ബോർഡുകളിൽ ഇതരമതസ്ഥരുടെ നിയമനം തെറ്റാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചിരുന്നു. അഞ്ച് വർഷം ഇസ്ലാം മതം അനുഷ്ഠിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും ദീർഘകാല ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്തുക്കൾക്ക് സാധുതയുണ്ടെന്നുമുള്ളതടക്കം ആവശ്യങ്ങൾ ഹർജിക്കാർ മുന്നോട്ടുവെച്ചിരുന്നു. കഴിഞ്ഞ മെയ് 22-നാണ് നിയമത്തിൻ്റെ ഭരണഘടനാ സാധ്യത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീംകോടതി വിധി പറയാൻ മാറ്റിയത്. അതേസമയം, കേന്ദ്ര സർക്കാരിനേറ്റ തിരിച്ചടിയാണ് കോടതി ഉത്തരവെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ അഡ്വ. സുൽഫിക്കർ അലി പറഞ്ഞു.
Be the first to comment