ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കേണ്ട, ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളത്’; മന്ത്രി സജി ചെറിയാൻ

ഭിന്നിപ്പിന്റെ രാഷ്ട്രീയമാണ് സുരേഷ് ഗോപിക്കുള്ളതെന്ന് മന്ത്രി സജി ചെറിയാൻ. ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കണ്ട. അസംബ്ലി, പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇത് പറയുന്നത്. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്ഥലം കൊടുക്കുമെന്ന് സജി ചെറിയാൻ പറഞ്ഞു.

മന്ത്രി എന്ന നിലയിലും പാർട്ടി ഭാരവാഹി എന്ന നിലയിലുമാണ് പറയുന്നത്. കേരളത്തിന് ആദ്യം എയിംസ് അനുവദിക്കൂ. കേരളത്തോടുള്ള നീതി നിഷേധമാണ് ഇതുവരെ എയിംസ് അനുവദിക്കാത്തതെന്നും അരൂകുറ്റിയിൽ പെരിയാർ സ്മാരകത്തിന്റെ ശിലാസ്ഥാപനം ചടങ്ങിനുശേഷം സംസാരിക്കവേ സജി ചെറിയാൻ പറഞ്ഞു.

200 അല്ല അതിൽ കൂടുതൽ ഏക്കർ തരാനും തയാറാണ്. സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്ട്രീയം കളിക്കുകയാണ്.കുട്ടനാടിന് കേന്ദ്രം ഒന്നും നൽകിയിട്ടില്ല, പ്രളയം വന്നപ്പോഴും നൽകിയില്ല. വയനാടിനും ഒന്നും നൽകിയില്ല. ഇപ്പോൾ കുട്ടനാട്ടിൽ കേന്ദ്ര സമിതി സന്ദർശനം നടത്തുകയാണ്. കൃഷിമന്ത്രി അറിഞ്ഞില്ല. ജില്ലയിലെ മന്ത്രിയായ ഞാനും അറിഞ്ഞില്ല. അവിടുത്തെ എംഎൽഎയും അറിഞ്ഞില്ലെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിന് അനുവദിക്കുന്ന എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞ ദിവസം ആവർത്തിച്ചിരുന്നു. വികസനത്തിൽ ഏറെ പിന്നാക്കം നിൽക്കുന്ന ആലപ്പുഴ ജില്ലയെ മുന്നോട്ടു കൊണ്ടുവരേണ്ടതുണ്ടെന്നും സംസ്ഥാനത്തെ വിവിധ ജില്ലകളുമായി താരതമ്യം ചെയ്താൽ ആലപ്പുഴയ്ക്ക് എയിംസിനു യോഗ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*