‘തന്റേടത്തോടെ ഇങ്ങനെയൊരു സിനിമ നിര്‍മിച്ച പൃഥ്വിരാജിന് അഭിവാദ്യങ്ങള്‍ ‘ ; സജി ചെറിയാന്‍

കേരളത്തില്‍ ഇതുവരെ ഇറങ്ങിയതില്‍ നിന്ന് വ്യത്യസ്തമാണ് എംപുരാന്‍ എന്ന സിനിമയെന്ന് സജി ചെറിയാന്‍. സാമൂഹ്യമായ പല പ്രശ്‌നങ്ങളെ കുറിച്ചും ഈ സിനിമ പ്രതിപാദിക്കുന്നുണ്ടെന്നും കലാകാരന്‍മാര്‍ക്ക് സാമൂഹ്യ പ്രശ്‌നങ്ങളെ വിമര്‍ശിക്കാനും സമൂഹത്തിലേക്ക് എത്തിക്കാനുമുള്ള അവകാശമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിമര്‍ശനത്തിന്റെ ഭാഗമായി ആരെങ്കിലും തിരുത്തുമെങ്കില്‍ തിരുത്തുക എന്നതാണ് അതിന്റെ ലക്ഷ്യം. നമ്മുടെ നാട്ടിലെ ജനങ്ങള്‍ കാണേണ്ട സിനിമയാണിത്. ചില ഭാഗങ്ങള്‍ ഒഴിവാക്കും എന്ന് പറഞ്ഞാലും മനുഷ്യന്‍ ഒന്നാണെന്ന് കാണിക്കുന്ന ഒരു സന്ദേശം ഇതില്‍ ഉണ്ട്. വര്‍ഗീയ ചിന്തകള്‍ക്ക് അതീതമാണ് മനുഷ്യന്‍ എന്ന് കാണിക്കുന്ന വലിയൊരാശയം സമൂഹത്തിന് നല്‍കുന്നുണ്ട്. തന്റേടത്തോടെ ഇങ്ങനെയൊരു സിനിമ നിര്‍മിച്ച പൃഥ്വിരാജിന് അഭിവാദ്യം അര്‍പ്പിക്കുകയാണ് – സജി ചെറിയാന്‍ പറഞ്ഞു.

സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നോളജി കാണേണ്ടതാണെന്നും ലോക സിനിമയോട് കിടപിടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഭാഗങ്ങള്‍ കട്ട് ചെയ്യുക എന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കത്തി വെപ്പാണെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കലും അത് ചെയ്യാന്‍ പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിനിമയെ കലാരൂപമായി കണ്ട് ആസ്വദിച്ചാല്‍ മതിയെന്നും അതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്ത് വര്‍ഗീയമായി ചേരി തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ വലിയ രീതിയില്‍ നടക്കുമ്പോള്‍ രാജ്യമാണ് ഏറ്റവും വലുത് എന്ന ഒരാശയം ചിത്രത്തില്‍ പറയുന്നുണ്ട്. അത് എല്ലാവര്‍ക്കും പാഠമാകും. വര്‍ത്തമാനകാലത്തെല്ലാവരും പറയാന്‍ ഭയപ്പെടുന്ന ആശയത്തിനെതിരായി പ്രചാരണം നടത്താന്‍ ആ ടീം രംഗത്ത് വന്നതിന് വളരെ പ്രാധാന്യമുണ്ട്. അതിനോടൊപ്പം കേരളീയ സമൂഹം അണിനിരക്കണമെന്നതാണ് എന്റെ വിനീതമായ അഭ്യര്‍ത്ഥന – അദ്ദേഹം വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*