ബോണ്ടി ബീച്ച് വെടിവയ്പ്പ്; അക്രമം നടത്തിയ ഇന്ത്യക്കാരന്‍; ഹൈദരാബാദ് സ്വദേശി സാജിദ് അക്രം

സിഡ്നിയിലെ ബോണ്ടി ബീച്ച് വെടിവയ്പ്പിലെ തോക്കുധാരികളില്‍ ഒരാളായ സാജിദ് അക്രം ഹൈദരാബാദ് സ്വദേശിയെന്ന് സ്ഥിരീകരണം. 1998 ലാണ് സാജിദ് അക്രം ഓസ്‌ട്രേലിയയിലേക്ക് താമസം മാറിയത്. ഓസ്‌ട്രേലിയയില്‍ എത്തിയതിന് ശേഷം സാജിദ് അക്രം ഫിലിപ്പിന്‍സ് യാത്ര നടത്തിയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് എന്നും വിവരമുണ്ട്. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ സാജിദിന്റെ മകന്‍ നവീദ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുവരും ഭീകരസംഘടനയായ ഐഎസിന്റെ ആശയങ്ങള്‍ പിന്തുടരുന്നവരാണെന്ന് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു.

1998ലാണ് സാജിദ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയതെന്ന് തെലുങ്കാന പോലീസ് വ്യക്തമാക്കി. ജോലി തേടിയായിരുന്നു കുടിയേറ്റം. ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം വെനേറ ഗ്രോസോ എന്ന യൂറോപ്യന്‍ വനിതയെ ഇയാള്‍ വിവാഹം ചെയ്തു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമായിട്ടും ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശം വച്ചുവെന്ന് പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി.

ഓസ്‌ട്രേലിയയിലേക്ക് പോയ ശേഷം ചുരുക്കം സന്ദര്‍ഭങ്ങളില്‍ മാത്രമേ ഇയാള്‍ ഇന്ത്യയിലേക്ക് വന്നിരുന്നുള്ളു. പ്രായമായ മാതാപിതാക്കളെ കാണാനും സ്ഥത്തുമായി ബന്ധപ്പെട്ട വിഷയങ്ങക്കുമൊക്കെയായിരുന്നു ആറ് തവണ നടത്തിയ ഈ സന്ദര്‍ശനങ്ങള്‍.

2022ല്‍ ആയിരുന്നു ഇയാള്‍ ഇന്ത്യയിലേക്ക് അവസാനം വന്നത്. സാജിദ് അക്രം ഇന്ത്യയിലുണ്ടായിരുന്ന ബന്ധുക്കളുമായി വലിയ അടുപ്പത്തില്‍ ആയിരുന്നില്ല എന്നും ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുന്‍പ് സാജിദിന്റെ പേരില്‍ മറ്റു കേസുകളോ സംശയാസ്പദമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നും തെലുങ്കാന പോലീസ് പറയുന്നു. നവംബര്‍ ഒന്നിന് ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് ഫിലിപ്പിന്‍ സന്ദര്‍ശനം നടത്തിയ സാജിദ് 28നാണ് തിരികെ എത്തിയത്.

സാജിദ് അക്രവും മകന്‍ നവീദ് അക്രവും നടത്തിയ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത് നിരവധിപേര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നാലെ ഉണ്ടായ പോലീസ് വെടിവെപ്പില്‍ സാജിദ് അക്രം കൊല്ലപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*