ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും: സാംസങിന്‍റെ ‘ഗാലക്‌സി എം17ഇ’ വിപണിയിൽ

ഹൈദരാബാദ്: ദക്ഷിണ കൊറിയൻ സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ സാംസങിന്‍റെ ഗാലക്‌സി എം17ഇ 5ജി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കമ്പനിയുടെ മിഡ്-റേഞ്ച് എം സീരിസിലെ ഏറ്റവും പുതിയ ഫോണാണിത്. പുതിയ ഫോൺ ഇന്ന് വൈകുന്നേരം ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി ഇന്ന് (മാർച്ച് 17) വൈകുന്നേരം മുതൽ രണ്ട് വ്യത്യസ്ത നിറങ്ങളിൽ വാങ്ങാൻ ലഭ്യമാവും.

ഒറ്റ ചാർജിൽ 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് നൽകുമെന്ന് അവകാശപ്പെടുന്ന 6,000mAh ബാറ്ററിയാണ് ഈ ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ സാംസങ് ഗാലക്‌സി എം സീരിസ് ഹാൻഡ്‌സെറ്റിന് ശക്തി പകരുന്നത് ഒക്‌ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6000-സീരീസ് ചിപ്‌സെറ്റ് ആണ്. പിൽ ആകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഇതിലുണ്ട്. കൂടുതൽ സവിശേഷതകളും വിലയും പരിശോധിക്കാം.

സാംസങ് ഗാലക്‌സി എം17ഇ 5ജി: ഇന്ത്യയിലെ വില, ലഭ്യത
പുതിയ ഫോണിന്‍റെ വില വിവരങ്ങൾ സാംസങ് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിലവിൽ ആമസോണിന്‍റെ വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്‌തത് കാണാം. പുതിയ ലിസ്റ്റിങ് അനുസരിച്ച്, 4 ജിബി റാമും 128 ജിബി സ്റ്റോറേജും വാഗ്‌ദാനം ചെയ്യുന്ന അടിസ്ഥാന വേരിയന്‍റിന് സാംസങ് ഗാലക്‌സി എം17ഇ 5ജി ഫോണിന് 12,999 രൂപയിലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്.

അതേസമയം, ഉയർന്ന നിലവാരമുള്ള 6 ജിബി + 128 ജിബി റാമും സ്റ്റോറേജ് കോൺഫിഗറേഷനും ഉള്ള വേരിയന്‍റിന് 14,499 രൂപയിലാണ് വില. 1,250 രൂപ ലോഞ്ച് ഓഫറും ഉണ്ട്. ആമസോൺ വഴി ഇന്ന് മുതൽ വിൽപ്പന ആരംഭിക്കും. ബ്ലിറ്റ്സ് ബ്ലൂ, വൈബ് വയലറ്റ് നിറങ്ങളിൽ സാംസങ് ഗാലക്‌സി എം17ഇ 5ജി ലഭ്യമാണ്.

വേരിയന്‍റ് യഥാർത്ഥ വില ഡിസ്‌കൗണ്ട് വില
4GB + 128GB Rs 12,999 Rs 11,749
6GB + 128GB Rs 14,999 Rs 13,749

സാംസങ് ഗാലക്‌സി എം17ഇ 5ജി: സ്പെസിഫിക്കേഷനുകൾ
സാംസങിന്‍റെ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള OneUI 8 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഒരു ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ഗാലക്‌സി എം17ഇ 5ജി. ഫോണിന് ആറ് OS അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. 6.58 ഇഞ്ച് HD+ (720×1,600 പിക്‌സലുകൾ) PLS LCD സ്‌ക്രീൻ ഇതിൽ ഉൾപ്പെടുന്നു. ഇത് 120Hz വരെ പുതുക്കൽ നിരക്കും 16 ദശലക്ഷം നിറങ്ങളും വാഗ്ദാനം ചെയ്യുന്നു.

പൊടി, സ്പ്ലാഷ് പ്രതിരോധം എന്നിവയ്‌ക്കായി IP54 റേറ്റിങാണ് ഫോണിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. 2.4GHz പീക്ക് ക്ലോക്ക് സ്‌പീഡ് നൽകുന്ന ഒക്‌ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റാണ് സാംസങിന്‍റെ പുതിയ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ഗാലക്‌സി എം17ഇ 5ജിയിൽ 6GB വരെ റാമും 128GB ഇന്‍റേണൽ സ്റ്റോറേജും ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി 2TB വരെ വികസിപ്പിക്കാൻ കഴിയും.

സാംസങ് ഗാലക്‌സി എം17ഇ 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ആണ് ഉള്ളത്. അതിൽ f/1.8 അപ്പേർച്ചറും ഓട്ടോഫോക്കസും ഉള്ള 50-മെഗാപിക്സൽ മെയിൻ ഷൂട്ടർ ഉൾപ്പെടുന്നു. f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഇതിലുണ്ട്. കൂടാതെ, ഗാലക്‌സി എം സീരീസ് ഫോണിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി മുൻവശത്ത് 8-മെഗാപിക്സൽ ക്യാമറയുണ്ട്, f/2.0 അപ്പേർച്ചർ ഉണ്ട്. 1080p/30 fps വരെ വീഡിയോകൾ റെക്കോർഡുചെയ്യാൻ ഹാൻഡ്‌സെറ്റിന് കഴിയും.

സാംസങ് ഗാലക്‌സി എം17ഇ 5ജിയിൽ 6,000എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 5ജി, 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.3, യുഎസ്ബി ടൈപ്പ്-സി പോർട്ട്, 3.5എംഎം ഓഡിയോ ജാക്ക്, ജിപിഎസ്, ഗ്ലോനാസ്, ബെയ്‌ഡൗ, ഗലീലിയോ, ക്യുഇസെഡ്എസ്എസ് തുടങ്ങിയ കണക്‌റ്റിവിറ്റികളെയും പിന്തുണയ്‌ക്കുന്നു. ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ജിയോമാഗ്നറ്റിക് സെൻസർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ, സുരക്ഷയ്ക്കായി ഫിംഗർപ്രിന്‍റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഏകദേശം 199 ഗ്രാം ഭാരമുണ്ട് ഇതിന്.

Be the first to comment

Leave a Reply

Your email address will not be published.


*