ഐഫോൺ 16 ലോഞ്ചിന് പിന്നാലെ ആപ്പിളിനെ പരിഹസിച്ച് സാംസങ്

ഐഫോൺ 16 ലോഞ്ചിന് പിന്നാലെ ആപ്പിളിനെ പരിഹസിച്ച് എതിരാളിയായ സാംസങ്. കാലിഫോർണിയയിലെ കുപെർട്ടിനോയിൽ നടന്ന ഇവന്റിൽ ആപ്പിൾ അതിന്റെ ഏറ്റവും പുതിയ ഐഫോൺ 16 സീരീസ് പുറത്തിറക്കിയതിന് പിന്നാലയാണ് സാംസങിന്റെ പ്രതികരണം. ‘അത് മടക്കാൻ സാധിക്കുമ്പോൾ ഞങ്ങളെ അറിയിക്കുക’ എന്ന 2022 ലെ തങ്ങളുടെ പോസ്റ്റ് വീണ്ടും പങ്കുവെച്ചായിരുന്നു സാംസങിന്റെ പരിഹാസം.

ഗാലക്‌സി ഇസഡ് ഫോൾഡ് 5 ഉപയോഗിച്ച് ഫോൾഡബിൾ ഫോൺ വിപണിയിൽ സാംസങ് കാര്യമായ മുന്നേറ്റം നടത്തിയെങ്കിലും ആപ്പിൾ അത്തരമൊരു ഫീച്ചർ ഇതുവരെ അവതരിപ്പിച്ചിട്ടില്ല. 2022 ൽ ഇതിനെ പരിഹസിച്ചുകൊണ്ടായിരുന്നു സാംസങ് അതിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ‘ഇപ്പോഴും കാത്തിരിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ്‌ ആപ്പിളിന്റെ ദീർഘകാല എതിരാളിയായ സാംസങ് പോസ്റ്റ് പങ്കുവെച്ചത്.

വളരെ രസകരമായ കമെന്റുകൾ എക്സ് ഉപയോക്താക്കൾ പോസ്റ്റിന് കീഴെ പങ്കുവെച്ചിട്ടുണ്ട്. ‘ആപ്പിൾ മടക്കാൻ സാധിക്കും, പക്ഷെ പിന്നീടത് ഉപയോഗിക്കാൻ സാധിക്കുമോ എന്നതാണ് ചോദ്യം’, ‘ അത് വളരെ എളുപ്പത്തിൽ മടക്കാം, പക്ഷെ ഒരിക്കൽ മാത്രം’, ‘ആപ്പിൾ വർഷങ്ങൾക്ക് മുൻപ് തന്നെ നവീകരണം നിർത്തി’ എന്നിങ്ങനെ പോകുന്നു ഉപയോക്‌താക്കളുടെ കമെന്റുകൾ.

അതേസമയം, ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവ ഉള്‍പ്പെടുന്ന ഐഫോണ്‍ 16 സീരീസ് ആണ് ഇന്ന് ആപ്പിൾ ലോഞ്ച് ചെയ്തത്. മുന്‍ സീരിസുകളെ അപേക്ഷിച്ച് ഹാര്‍ഡ്‌വെയർ അപ്ഗ്രേഡുകളോടെയാണ് പുതിയ സീരിസ് പുറത്തിറക്കിയത്. സെപ്റ്റംബര്‍ 13 മുതല്‍ പ്രീഓര്‍ഡര്‍ ആരംഭിക്കും. സെപ്റ്റംബര്‍ 20-ന് ഇന്ത്യയിലെ ആപ്പിളിന്റെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി ഫോണുകള്‍ വില്‍പനയ്ക്കെത്തും. സെപ്റ്റംബര്‍ 20 മുതല്‍ എല്ലാ ഷോറൂമുകളിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.

Be the first to comment

Leave a Reply

Your email address will not be published.


*