യുവരാജ് ഗോകുലിൻ്റെ സ്ഥാനം ഇപ്പോള്‍ ബിജെപി ചവറ്റുകുട്ടയുടെ മൂലയ്ക്ക്, വെറുപ്പിൻ്റെ കമ്പോളം വിടുന്നതാകും അയാള്‍ക്ക് നല്ലത്: സന്ദീപ് വാര്യര്‍

യുവരാജ് ഗോകുലിനെ ബിജെപി സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ ചവറ്റുകൊട്ടയിലാക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരുടെ പരിഹാസം. കഴിവുള്ള ചെറുപ്പക്കാരെ ബിജെപി വളരാന്‍ അനുവദിക്കില്ലെന്ന ബിജെപിയുടെ അപ്രഖ്യാപിത നയത്തിൻ്റെ ഒടുവിലത്തെ ഇരയാണ് യുവരാജ് ഗോകുലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സന്ദീപ് വാര്യരുടെ വിമര്‍ശനങ്ങള്‍.

താന്‍ ഉള്‍പ്പെടെയുള്ളവരെ ബിജെപി മുന്‍ കാലങ്ങളില്‍ തഴഞ്ഞിട്ടുണ്ടെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടാണ് യുവരാജ് ഗോകുലിനായുള്ള സന്ദീപാ വാര്യരുടെ പോസ്റ്റ്. പേര് പോലും ആരും കേട്ടിട്ടില്ലാത്തവര്‍ ആ പാര്‍ട്ടിയുടെ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ബിജെപിയ്ക്ക് ഇപ്പോള്‍ ഏറ്റവും റേറ്റിംഗുള്ള സംവാദകനായ യുവരാജിനെ പാടേ അവഗണിച്ചുവെന്ന് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയതയുടെയും വെറുപ്പിൻ്റെയും ആ കമ്പോളം വിടുന്നതാണ് അയാള്‍ക്കും വളര്‍ന്നു വരുന്ന മറ്റ് ചെറുപ്പക്കാര്‍ക്കും നല്ലതെന്നും സന്ദീപ് ഫേസ്ബുക്കില്‍ എഴുതി.

സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂര്‍ണരൂപം ഇങ്ങനെ:

ബിജെപി എന്ന പ്രസ്ഥാനം ഒരു കാലത്തും കേരളത്തില്‍ രക്ഷപ്പെടില്ല എന്നത് വീണ്ടും തെളിയുകയാണ്. കഴിവുള്ള ചെറുപ്പക്കാരെ വളരാന്‍ അനുവദിക്കില്ല എന്നത് അവിടത്തെ അപ്രഖ്യാപിത നയമാണ്. യുവരാജ് ഗോകുല്‍ അതിൻ്റെ അവസാന ഇരയാണ്.
അത്യാവശ്യം നല്ലൊരു സംഘാടകനായും വാഗ്മിയായും ഉയര്‍ന്നുവന്നൊരാള്‍ ഇന്ന് ആ പാര്‍ട്ടിയുടെ ചവറ്റുകുട്ടയില്‍ ഒരു മൂലയ്ക്കാണ്. പേര് പോലും ആരും കേട്ടിട്ടില്ലാത്തവര്‍ ആ പാര്‍ട്ടിയുടെ വക്താക്കളുടെ പട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ ബിജെപി യുടെ നിലവിലെ ഏറ്റവും റേറ്റിംഗ് ഉള്ള സംവാദകനായ അയാളെ പാടേ അവഗണിച്ചു. 80-90 പേരടങ്ങുന്ന മീഡിയാ പാനലില്‍ ഒരാളായി മാത്രമാണ് പരിഗണിച്ചിട്ടുള്ളത്. അറിഞ്ഞിടത്തോളം കുംഭമേള വിഷയവുമായ് ബന്ധപ്പെട്ട് നിലവിലെ ബിജെപി പ്രസിഡന്റിൻ്റെ ചാനല്‍ ചെയ്ത ഒരു പരിപാടിയെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ വിമര്‍ശനം ഉയര്‍ത്തിയതാണ് അയാളെ അവഗണിക്കാനുണ്ടായ സാഹചര്യം.
തങ്ങളുടെ ബിസിനസിനെ തൊട്ടാല്‍ ഇത്രയധികം വെറുപ്പ് വ്യക്തിപരമായും സംഘടനാപരമായും കൊണ്ട് നടക്കുന്ന ഒരു പ്രസ്ഥാനം അതു മാത്രമേ ഉണ്ടാകൂ. വര്‍ഗീയതയുടെയും വെറുപ്പിൻ്റെയും ആ കമ്പോളം വിടുന്നതാണ് അയാള്‍ക്കും വളര്‍ന്നു വരുന്ന മറ്റ് ചെറുപ്പക്കാര്‍ക്കും നല്ലത്.

Be the first to comment

Leave a Reply

Your email address will not be published.


*