ബിജെപി നേതാക്കളുടെ മുഖം മൂടി അഴിഞ്ഞുവീണു; സി. കൃഷ്ണകുമാറിനെതിരായ പീഡന പരാതി സത്യമാണ്, സുരേഷ് ഗോപിക്ക് ഇക്കാര്യമറിയാം’; സന്ദീപ് വാര്യർ

ബിജെപി വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരെ പീഡന പരാതിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ലൈംഗീക പീഡന പരാതി ഉന്നയിച്ച യുവതിക്ക് നീതി ലഭിച്ചില്ല. ബിജെപി നേതാക്കളുടെ മുഖം മൂടി അഴിഞ്ഞുവീണെന്ന് സന്ദീപ് വാര്യർ പറഞ്ഞു.

യുവതിയുടെ പീഡന പരാതി സത്യമാണ്. സുരേഷ് ഗോപിക്ക് ഇക്കാര്യമറിയാം. സുരേഷ് ഗോപി പരാതിക്കാരിയെ ചികിത്സാ സംബന്ധമായി സഹായിച്ചിട്ടുണ്ട്. ബിജെപി നേതാക്കൾക്ക് കാലങ്ങളായി ബോധ്യമായിട്ടുള്ള പരാതിയാണ്. പരാതി പാർട്ടിക്ക് മുന്നിൽ യുവതി ഉന്നയിച്ചു, അവർക്ക് നീതി ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ  പറഞ്ഞു.

ഇത് വ്യാജ പരാതിയില്ല. ശോഭാ സുരേന്ദ്രൻ കുട്ടിയുമായി സംസാരിച്ചിട്ടുണ്ട്. അവർ നുണ പറയില്ലെന്നാണ് വിശ്വാസം. സ്ത്രീയുടെ വിഷയത്തിൽ അവർ നുണ പറയില്ലെന്നാണ് വിശ്വാസം. പെൺകുട്ടിയെ വ്യാജ പരാതിക്കാരിയാക്കുന്നത് നീതിക്ക് നിരക്കാത്ത സംഭവമാണെന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.

അതേസമയം ഇത് സ്വത്ത് തർക്കത്തിന്റെ പേരിലുണ്ടായ പരാതിയാണെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. 2015ലും 2020ലും പൊട്ടാതെ പോയ പടക്കമായിരുന്നു ഈ പരാതി. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ തെളിവില്ലെന്ന് കണ്ടെത്തിയ കേസാണിതെന്ന് സി കൃഷ്ണകുമാർ പറഞ്ഞു.

2024 ജൂലൈ 24ന് തെളിവില്ലാത്തതിനാൽ കേസ് തള്ളിയിരുന്നുവെന്ന് സി കൃഷ്ണകുമാർ പറഞ്ഞു. ഈ നനഞ്ഞ പടക്കവുമായാണോ കോൺ​ഗ്രസ് വരുന്നതെന്ന് സി കൃഷ്ണകുമാർ ചോദിച്ചു. ഇത് എന്തിന്റെ പേരിൽ കൊടുനത്ത കള്ള പരാതിയാണെന്ന് പാർട്ടിയ്ക്ക് കൃത്യമായ ബോധ്യമുണ്ടെന്ന് അദേഹം പറഞ്ഞു. അതുകൊണ്ടാണ് പാർട്ടി അന്വേഷിക്കാതിരുന്നതും നടപടി എടുക്കാതിരുന്നതെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കി. കോടതികളിൽ അനുകൂലമായ വിധിയാണ് വന്നതെന്ന് അദേഹം പറഞ്ഞു.

2015ൽ താൻ മത്സരിക്കുമ്പോഴും 2020ൽ ഭാര്യ മത്സരിക്കുമ്പോഴും ഇതേ പരാതി വന്നു. 2010ൽ പാലക്കാട് നിന്ന് പോയതാണ് യുവതി. ഇതിൽപിന്നെ യുവതിയുമായി യാതൊരു ബന്ധവും ഉണ്ടായിട്ടില്ല. ഒരു കുടുംബ തർക്കത്തെ ഇത്ര നീചമായി കൊണ്ടുവന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ സമരത്തിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അത് വേണ്ടെന്നും തന്റെ മടിയിൽ കനമില്ലെന്നും അദേഹം പറഞ്ഞു. വ്യാജ പരാതിയും വാർത്തയും നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സി കൃഷ്ണകുമാർ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*