പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി വാളയാര്‍ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംഘപരിവാറിനെതിരെ മന്ത്രി എം ബി രാജേഷ്. ബംഗ്ലാദേശി എന്ന് ആക്ഷേപിച്ചാണ് കൂട്ട ആക്രമണം നടത്തിയതെന്നും സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്നും എം ബി രാജേഷ് ആരോപിച്ചു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ച നടപടികള്‍ ഉണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
‘വംശീയ വിദ്വേഷത്തില്‍ നിന്നും വംശീയ രാഷ്ട്രീയത്തില്‍ നിന്നും ഉണ്ടാവുന്നതാണ്. സംഘപരിവാര്‍ രാജ്യമാകെ പടര്‍ത്തി കൊണ്ടിരിക്കുന്ന വര്‍ഗീയ, വംശീയ വിഷത്തിന്റെ ഇരയാണ് രാം നാരായണന്‍. സംഘപരിവാര്‍ നേതൃത്വത്തിന് നേരെ ഒരു ചോദ്യവും വരുന്നില്ലല്ലോ. പ്രതികള്‍ അവരുടെ പ്രവര്‍ത്തകരാണ് എന്ന കാര്യത്തില്‍ അവര്‍ മിണ്ടുന്നതേയില്ലല്ലോ. ആ വിദ്വേഷ രാഷ്ട്രീയം അവര്‍ മറച്ചുവെയ്ക്കുകയാണ്. വിദ്വേഷ രാഷ്ട്രീയം മറച്ചുവെയ്ക്കുക വഴി ആ വിദ്വേഷ രാഷ്ട്രീയത്തിന് വളമിടുകയാണ്.ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. പ്രതികള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ പഴുതടച്ച നടപടികള്‍ ഉണ്ടാവും’- എം ബി രാജേഷ് പറഞ്ഞു.
വാളയാര്‍ ആള്‍ക്കൂട്ട ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി ക്രിമിനലുകളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആരോപിച്ചു. ആര്‍എസ്എസിന് വേണ്ടി കൊടുംക്രൂരത ചെയ്യുന്നവരാണ് ഇത് ചെയ്തതെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.



Be the first to comment