സംസ്‌കൃത സർവകലാശാലയിൽ പുതിയ കോഴ്‌സുകൾ: പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസിന് അനുമതി

എറണാകുളം: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ സ്റ്റഡീസ് പ്രോഗ്രാം തുടങ്ങാൻ സിൻഡിക്കേറ്റ് യോഗം ഭരണാനുമതി നൽകി. വിവർത്തന പഠന കേന്ദ്രത്തിന് കീഴിലാണ് ഈ കോഴ്‌സ് ആരംഭിക്കുക. പിഎച്ച്‌ഡി കോഴ്‌സുകളുടെ സുഗമമായ നടത്തിപ്പിനായി റിസർച്ച് ഡയറക്ടറേറ്റ് രൂപീകരിക്കുന്നതിനും യോഗം തീരുമാനമെടുത്തു.

പുതുതായി നിലവിൽവന്ന മൂന്ന് ക്രിമിനൽ നിയമങ്ങൾ സർവകലാശാലയുടെ അക്കാദമിക് കരിക്കുലത്തിൽ ഉൾപ്പെടുത്തും. കൂടാതെ, സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ നാച്വറൽ ഹസാർഡ്‌സ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് ഓൺലെൻ കോഴ്‌സായി തുടങ്ങാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി സിൻഡിക്കേറ്റ് സ്ഥിരം സമിതികൾ പുനഃസംഘടിപ്പിച്ചു.

സ്ഥിരം സമിതി കൺവീനർമാർ

പുനഃസംഘടിപ്പിച്ച സ്ഥിരം സമിതികളുടെ പുതിയ കൺവീനർമാരെ തീരുമാനിച്ചു. അഡ്വ. കെഎസ് അരുൺകുമാർ (സ്റ്റാഫ് ആൻഡ് ലീഗൽ), പ്രൊഫ. (ഡോ.) മാത്യൂസ് ടി തെള്ളി (ലൈബ്രറി), അഡ്വ. കെ പ്രേംകുമാർ എംഎൽഎ (ഫിനാൻസ്, അക്കൗണ്ട്‌സ് ആൻഡ് ഓഡിറ്റ്) എന്നിവരാണ് സമിതികളെ നയിക്കുക.

ഡോ. ടി മിനി (സ്റ്റുഡൻ്റ്‌സ് വെൽഫെയർ), ഡോ. എം സത്യൻ (അക്കാദമിക് ആൻഡ് റിസർച്ച്), ആർ അജയൻ (പ്ലാനിങ് ആൻഡ് ഡെവലപ്‌മെൻ്റ്), ഡോ. ബി അശോക് (വർക്ക്‌സ് ആൻഡ് പർച്ചേയ്‌സ്) എന്നിവരാണ് മറ്റ് കൺവീനർമാർ. ഡോ. വിനീത് ആർഎസ് (ഓൺലൈൻ ആൻഡ് ഡിസ്റ്റൻസ് ലേണിങ്), ഡോ. വി ലിസി മാത്യു (പരീക്ഷ), ഡോ. കെ ഉണ്ണികൃഷ്ണൻ (പബ്ലിക്കേഷൻ), ഡോ. ഓമന പിവി (ഐടി ആൻഡ് സോഷ്യൽ മീഡിയ) എന്നിവരും കൺവീനർമാരായി ചുമതലയേറ്റു.

പിഎച്ച്‌ഡി നേടിയവർ

വിവിധ വിഷയങ്ങളിൽ പിഎച്ച്‌ഡി നേടിയവർക്ക് സിൻഡിക്കേറ്റ് യോഗം അംഗീകാരം നൽകി. സൈക്കോളജിയിൽ നാദം പിഎസ്, ലയ മാത്യു എന്നിവർക്ക് ഡോക്ടറേറ്റ് ലഭിച്ചു. സംസ്‌കൃതം വ്യാകരണത്തിൽ പ്രിയ പിആർ, സംസ്‌കൃതം വേദാന്തത്തിൽ അഞ്ജു ജെ, സംസ്‌കൃതം സാഹിത്യത്തിൽ കീർത്തി മേരി ഫ്രാൻസിസ്, ദേവഹർ വി എന്നിവരും പിഎച്ച്‌ഡി നേടി.

കീർത്തന വിവി (സംസ്‌കൃതം ന്യായം), ഷൈജു കെ, സ്മിത കെപി (മലയാളം), സൗമ്യ പി കെ (ട്രാൻസ്‌ലേഷൻ സ്റ്റഡീസ്), സൗമ്യ ആർ നായർ (മ്യൂസിക്), രാകേഷ് കെ (ഫിലോസഫി) എന്നിവർക്കാണ് ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ചത്. ഈ വിദ്യാർഥികൾക്ക് സർവകലാശാലയിൽനിന്നും പിഎച്ച്‌ഡി ബിരുദം ലഭിക്കുന്നതാണ്.

പൂർവ വിദ്യാർഥി സംഗമം 25ന്

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പൂർവ വിദ്യാർഥി സംഗമം ‘സ്മൃതി മധുരം’ ഒക്‌ടോബർ 25ന് കാലടി മുഖ്യ കാമ്പസിലെ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് ആരംഭിച്ച് വൈകിട്ട് 3 വരെയാണ് പരിപാടികൾ. സർവകലാശാലാ വൈസ് ചാൻസലർ ഡോ. കെകെ ഗീതാകുമാരി പൂർവ വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യും.

സംവിധായകനും നടനുമായ ദിലീഷ് പോത്തൻ, നടൻ സിനോജ് വർഗീസ് എന്നിവർ മുഖ്യാതിഥികളായിരിക്കും. ബേബി കാക്കശ്ശേരി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഡോ. ടിപി സരിത പ്രസംഗിക്കും. വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ച പൂർവ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കുമെന്നും സർവകലാശാല അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*